ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മെര്‍ലേനയെ തിരഞ്ഞെടുത്തു. കെജരിവാളിന്റെ വസതിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ യോഗത്തിലാണ് അതിഷിയുടെ പേര് പ്രഖ്യാപിച്ചത്. അതിഷി നിലവില്‍ കെജരിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. കെജരിവാള്‍ ജയിലില്‍ ആയതുതൊട്ട് ഭരണകേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നത് അതിഷിയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ സുനിതാ കെജരിവാള്‍ മുഖ്യമന്ത്രിയാവുമെന്ന വാര്ത്തകള്ക്കൊടുവിലാണ് അതിഷി മുഖ്യമന്ത്രിയായി എത്തുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ വനിതാ മുഖ്യമന്ത്രി അധികാരത്തിലെത്തട്ടേ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
രാജ്യതലസ്ഥാനം ഭരിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുന്നതോടെ സ്ത്രീകളുടെ വിശ്വാസം ആര്‍ജിക്കുകയെന്ന തിരഞ്ഞെടുപ്പ് തന്ത്രംകൂടിയുണ്ട് അതിഷിയുടെ പുതിയ ചുമതലയ്ക്ക് പിന്നില്‍. അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുകയെന്ന അടവുനയത്തിന്റെ ഭാഗമായാണ് വനിതാ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കെരജിവാള് തീരുമാനിച്ചത്. ഒരു ചെറിയ ഇടവേളയില്‍ ബി ജെ പി നേതാവായിരുന്ന സുഷമ സ്വരാജ് ഡല്‍ഹി ഭരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാനായിരുന്ന ഷീലാ ദീക്ഷിതാണ് ഡല്‍ഹിയില്‍ ദീര്‍ഘകാലം മുഖ്യമന്ത്രികസേരയില്‍ ഇരുന്ന വനിതാ നേതാവ്. ഇപ്പോഴിതാ ഡല്‍ഹി വീണ്ടും ഒരു വനിതാ മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴില്‍ വരികയാണ്. ബി ജെ പി നേതാവായിരുന്ന സുഷമ സ്വരാജാണ് ഡല്‍ഹിയില്‍ അധികാരം കൈയ്യാളിയ ആദ്യവനിത. പിന്നീട് കോണ്‍ഗ്രസ് നേതാവായിരുന്ന ഷീലാ ദീക്ഷിത് ഡല്‍ഹിയുടെ ഭരണ ചക്രം തിരിക്കാനായി എത്തി.
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയതു മുതല്‍ അരവിന്ദ് കെജരിവാല്‍ എന്ന ഒറ്റ നേതാവില്‍ കേന്ദ്രീകരിച്ചായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ അരവിന്ദ് കെജരിവാളിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഇന്നേവരെ വ്യക്തമായ പേര് ആരും ഉന്നയിച്ചിരുന്നില്ല. മനീഷ് സിസോദിയ ആയിരുന്നു രണ്ടാം സ്ഥാനത്തെങ്കിലും സിസോദിയ ദീര്‍ഘകാലം മദ്യനയക്കേസില്‍ ജയിലില്‍ കിടക്കേണ്ടിയും വന്നിരുന്നു. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജരിവാള്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തിലും ഒരു അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ആംആദ്മി പാര്‍ട്ടി അംഗങ്ങളും ഒരിക്കലും ആലോചിച്ചിരുന്നില്ല.
മാസങ്ങള്‍ ജയിലില്‍ കഴിഞ്ഞപ്പോഴും അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറണമെന്ന അഭിപ്രായം പാര്‍ട്ടിയിലും ഉയര്‍ന്നിരുന്നില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിസദ്ധിയിലാക്കിയ സംഭവമായിരുന്നു കെജരിവാള്‍ അറസ്റ്റു ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും, വീണ്ടും ജയിലിലേക്ക് പോകേണ്ടിവന്നത് ആംആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇ ഡിയും സി ബി ഐയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതോടെ അനിശ്ചിതത്വം ഏറി. ഇപ്പോള്‍ ജാമ്യം ലഭിച്ചെങ്കിലും ഭരണത്തില്‍ ഇടപെടാന്‍ പാടില്ലെന്ന സുപ്രിംകോടതിയുടെ ഉപാധികള്‍ കെജരിവാളിന് തുടരാന്‍ പറ്റാത്ത സാഹചര്യമാണ് സൃഷ്ടിച്ചത്.
സുനിതാ കെജരിവാളിനെ മുഖ്യമന്ത്രിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ നിര്‍ദ്ദേശം കെജരിവാള്‍ തള്ളിയത് രാഷ്ട്രീയമായി ആം ആദ്മിക്ക് തിരിച്ചടിയുണ്ടാവുമെന്ന തിരിച്ചറിവോടെയാണ്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ ആംആദ്മി പാര്‍ട്ടിക്ക് അധികാരത്തില്‍ തുടര്‍ച്ചയുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കെജരിവാള്‍. ബി ജെ പിയുടെ അടുത്ത നീക്കങ്ങള്‍ എന്താവുമെന്നും ആകാംഷയോടെയാണ് ഡല്‍ഹിനിവാസികള്‍ വീക്ഷിക്കുന്നത്. ബി ജെ പി ക്ക് ഡല്‍ഹിയില്‍ ഒരു ജനകീയ മുഖമില്ലെന്നതാണ് ആം ആദ്മിയുടെ ആശ്വാസം. അഴിമതിയാരോപണം നേരിട്ടയാള്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറിനില്ക്കുന്നുവെന്നതു നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലാണ് ആംആദ്മി പാര്‍ട്ടി.