പേരാമ്പ്ര: നടുവണ്ണൂർ പഞ്ചായത്തിലെ വെള്ളിയൂരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു. കരുവണ്ണൂർ അഞ്ചാം വാർഡിലെ പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളായ ജഗനും (ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയും) സ്നേഹയും (ഡിവൈഎഫ്ഐ യൂണിറ്റ് അംഗം) ഇവരുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. കനത്ത ശബ്ദം കേട്ടു വീടിനു പുറത്തേക്കെത്തിയപ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. ജഗൻ ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കം ആക്രമണത്തിന് കാരണമായിരിക്കാമെന്നാണ് സംശയം. ഉത്സവപ്പറമ്പിൽ ലഹരി ഉപയോഗിച്ച് ചിലർ സ്ത്രീകളെ ശല്യം ചെയ്തതിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം ആക്രമണമെന്ന് വീട്ടുകാർ സംശയിക്കുന്നത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഒപ്പ ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് ലഹരി ഉപയോഗവും വിൽപ്പനയും സജീവമാണെന്നാണ് നാട്ടുകാരുടെ ആരോപണം.