കോഴിക്കോട്: താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കന്‍ തീർന്നുപോയെന്നു പറഞ്ഞതിന്റെ പേരിൽ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിൽ എത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചത്.
രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് ചോദിച്ചു. ചിക്കൻ ഇല്ലായെന്നും തീര്‍ന്നുപോയെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിന്റെ പേരിൽ തർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷത്തിൽ എത്തുകയും ചെയ്തു. പരിക്കേറ്റ കട ഉടമയായ പൂനൂര് നല്ലിക്കല്‍ സഈദിനെയും ജീവനക്കാരനായ മെഹദി ആലത്തിനേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ താമരശ്ശേരി പോലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു.