മുംബൈ: വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 2.1 കോടി രൂപയുടെ സ്വർണമാണ് 24 കാരനായ യുവാവ് കടത്തിയത്. മാലിദ്വീപിൽ നിന്ന് സ്വർണം കടത്തിയ യുവാവിനെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു.
കർണാടക സ്വദേശി ഇനാമുൽ ഹസനാണ് പിടിയിലായത്. മാലിദ്വീപിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരൻ സ്വർണം ഒളിപ്പിച്ചെന്ന രഹസ്യ വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. പരിശോധനയിൽ ശുചിമുറിയിലെ ലൈറ്റ് പാനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കൂടാതെ 13 പൗച്ചുകൾ കണ്ടെത്തിയതായി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അറിയിച്ചു.ചോദ്യംചെയ്യലിൽ സ്വർണം ഒളിപ്പിച്ചത് താനാണെന്ന് ഇനാമുൽ ഹസൻ സമ്മതിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെട്ടെന്ന് പണക്കാരനാകാനാണ് സ്വർണക്കടത്തിന് ഇറങ്ങിയതെന്ന് യുവാവ് പറഞ്ഞു.
ആരാണ് സ്വർണം കൊടുത്തുവിട്ടതെന്നും ആർക്ക് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഏതെങ്കിലും വിധത്തിൽ എയർപോർട്ട് ജീവനക്കാരുടെ സഹായം പ്രതിക്ക് ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.