ശബരിമല: ശബരിമലയിൽ മകരവിളക്ക് ദർശനം ഇന്ന്. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്.
ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകർക്ക് പ്രവേശനം ഉണ്ടാകില്ല.
ഇന്ന് വെർച്വൽ ക്യൂ വഴി 40,000 പേരെയും തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 15 ന് രാവിലെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. അന്നേ ദിവസം രാവിലെ 11 ന് ശേഷം മാത്രമെ തത്സമയ ഓൺലൈൻ ബുക്കിംഗ് പുനരാരംഭിക്കുകയുള്ളൂ. മകരവിളക്ക് ദിവസമായ 14 ന് രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി ബസുകൾക്ക് നിയന്ത്രണമുണ്ടാകും.