ഈ വർഷം ജനുവരി മുതൽ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ ഉത്തര്‍പ്രദേശ് സന്ദർശിച്ചത് 476.1 ദശലക്ഷം വിനോദസഞ്ചാരികളെയെന്ന് കണക്കുകള്‍. അതിൽ തന്നെ അയോധ്യയിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. 135.5 ദശലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും 3,153 അന്താരാഷ്ട്ര സന്ദര്‍ശകരും അയോധ്യ സന്ദർശിച്ചതായി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വാരണാസിയില്‍ 62 ദശലക്ഷം ആഭ്യന്തര സന്ദര്‍ശകരും 184,000 അന്തര്‍ദേശീയ വിനോദസഞ്ചാരികളും എത്തിയപ്പോൾ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര 87,229 വിദേശികള്‍ ഉള്‍പ്പെടെ 68 ദശലക്ഷം സന്ദര്‍ശകരെ വരവേറ്റു. കുംഭമേളയ്ക്ക് പ്രശസ്തമായ പ്രയാഗ്രാജ് 48 ദശലക്ഷം സഞ്ചാരികളെ സ്വീകരിച്ചപ്പോൾ മിര്‍സാപൂരില്‍ 11.8 ദശലക്ഷം സന്ദര്‍ശകരെത്തി. കുശിനഗര്‍ കേന്ദ്രീകരിച്ചുള്ള ബുദ്ധമത സര്‍ക്യൂട്ടും 153,000 അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 1.62 ദശലക്ഷം സന്ദര്‍ശകരെ ഉൾക്കൊണ്ടു. ആത്മീയ ടൂറിസത്തിന്റെ ജനപ്രീതിയാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.