അങ്ങനെ കോൺഗ്രസ് പാർട്ടി അവരുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാധ്യമത്തെ സമ്പൂർണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. ഏറെക്കാലം നീണ്ടുനിന്ന തർക്കങ്ങൾക്ക് ശേഷം റിപ്പോർട്ടർ ചാനലിനെയാണ് കോൺഗ്രസ് ബഹിഷ്കരിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഇത് സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ രണ്ടുമാസം പിന്നിട്ടപ്പോഴാണ് നടപടി. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ അന്ന് രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ ചാനലിന്റെ രാത്രി ചർച്ചകളിൽ പങ്കെടുത്തിട്ട് രണ്ടുമാസം പിന്നിടുകയാണ്.
മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു. അന്ന് ചാനൽ പ്രതിനിധികൾ ക്ഷമാപണം പറഞ്ഞ ശേഷം ആയിരുന്നു പ്രശ്നങ്ങൾ അവസാനിച്ചത്. എന്നാൽ ഇന്ന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുകൂട്ടർക്കും ഇടയിൽ തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്. മാനേജ്മെന്റ് നിരന്തരം വിവാദങ്ങളിൽ പെടുന്നതും അവർ ഉൾപ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയർത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് ആയിരുന്നു കോൺഗ്രസിനെ ചാനൽ ബഹിഷ്കരണത്തിലേക്ക് നയിച്ചത്. എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയൂ എന്ന തരത്തിൽ ചാനൽ പ്രതിനിധി റോഷി പാൽ നടത്തിയ റിപ്പോർട്ടിംഗ് ആണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്.
ചാനൽ പ്രതിനിധിയുടെ റിപ്പോർട്ടിങ്ങിനെ മാനേജ്മെന്റ് കൂടി അനുകൂലിച്ചപ്പോൾ കോൺഗ്രസും നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ചാനൽ പ്രതിനിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച കോൺഗ്രസ് സൈബർ പോരാളികൾക്കെതിരെ മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമായത്. ഇതിനിടെ ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണല്‍ സ്റ്റാഫംഗം രതീഷ് കുമാര്‍, രാഹുല്‍ ഗാന്ധി എം പിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ എ എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്കരണത്തിന് കോണ്‍ഗ്രസിനെ ഒടുവിലായി പ്രേരിപ്പിച്ചതെന്നാണ് സൂചന.
കെപിപിസിസി പ്രസിഡന്റിന്റെ തീരുമാനം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം ലിജുവാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്കും കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കെപിസിസി മീഡിയ ഇന്‍-ചാര്‍ജ്മാര്‍ക്കും കൈമാറിയത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ വാര്‍ത്തകളെയും സമീപനങ്ങളെയും പാര്‍ട്ടി വളരെ ഗൗരവത്തോടുകൂടി കണക്കിലെടുത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്ക്കും. ചാനലിന്റെ ഭാഗത്തുനിന്നും മാപ്പ് പറച്ചിലോ, കേസുകള്‍ പിന്‍വലിക്കുകയോടെ ചെയ്യാതെ ഇനി സഹകരണമില്ലെന്ന് കെപിസിസി പ്രസിഡന്റ് ഔദ്യോഗികമായി തീരുമാനമെടുത്തുവെന്നും കത്തില്‍ പറയുന്നുണ്ട്. ഒരുപക്ഷേ ചാനലും പ്രതീക്ഷിക്കാത്ത തരത്തിൽ അപ്രതീക്ഷിതമായാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ബഹിഷ്കരണം വന്നിരിക്കുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൂടി വരാനിരിക്കെ കോൺഗ്രസ് ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിന്നാൽ അത് ഗുണകരമാകില്ലെന്ന വിലയിരുത്തൽ എഡിറ്റോറിയൽ ബോർഡിന് ഉണ്ടെങ്കിലും തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യമാണ് നിലവിൽ റിപ്പോർട്ടറിനുള്ളത്.