സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിഷബാധയേറ്റതായി റിപ്പോർട്ട്.അവശനിലയിലായ അസദ് മോസ്കോയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സിറിയ വിമതസേന പിടിച്ചതോടെ അസദും കുടുംബവും റഷ്യയിൽ അഭയം പ്രാപിച്ചിരുന്നു. ഇദ്ദേഹത്തിന് വിഷബാധയേറ്റ കാര്യം ‘ജനറല്‍ എസ്.വി.ആര്’ എന്ന എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്കാണ് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയും ശ്വാസം മുട്ടും അനുഭവപ്പെട്ടത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നു. ഡോക്ടര്‍മാർ നടത്തിയ പരിശോധനയിൽ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും എക്സിലെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ അസദിന് വിഷബാധയേറ്റെന്ന റിപ്പോർട്ടിൽ റഷ്യ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.