2024 ബേസിൽ ജോസഫിന്റെ വർഷമാണ്. എഞ്ചിനീയറിംഗ് പഠന കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ ബേസിൽ എന്ന സിനിമാക്കാരന്റെ ഉദയം . തിരക്കഥകൃത്തായും സംവിധായകനായും പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്ത പരിചയത്തിൽ സിനിമ മേഖലയിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം.
2013 ൽ ടി കെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ; മുകളിൽ ഒരാളുണ്ട് എന്ന സിനിമയിലൂടെയാണ് ബേസിൽ ജോസഫ് എന്ന നടന്റെ മുഖം ആദ്യമായി സ്ക്രീനിൽ തെളിയുന്നത്. അഭിനേതാവെന്ന നിലയിൽ സിനിമയിൽ ഒരു മുഴുനീള വേഷം ബേസിൽ ചെയ്യുന്നത് വിപിൻ അറ്റ്ലീ യുടെ ഹോംലി മീൽസ് എന്ന സിനിമയി ലായിരുന്നു. പിന്നീട് 2015 ൽ സംവിധായകനായി ആദ്യ പടം കുഞ്ഞിരാമായണം.
സംവിധാനത്തോടൊപ്പം തന്നെ മറ്റു സിനിമകളിലും സ്വന്തം സിനിമയിലും കാമിയോ റോളിൽ ബേസിൽ പ്രത്യക്ഷപ്പെട്ടു . മായനദിയിലെ സംവിധായകന്റെ റോളിലാണ് ആദ്യമായി ബേസിൽ എന്ന നടന്റെ മുഖം കണ്ടതായി ഓർമ വരുന്നത് . പിന്നീട് ഏകദേശം നാല്പതോളം സിനിമകളിൽ കാമിയോ വേഷങ്ങളിലും സഹനടനായും പ്രധാന നടനായും നായക നടനായും ബേസിൽ എത്തി. 10 വർഷത്തിനിപ്പുറം ഇന്നാ മുഖം മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും ജനപ്രീതിയുള്ള മുഖമായി മാറി കഴിഞ്ഞു. ഒരു അഭിനേതാവായും സംവിധായകനായും ഒരു അടുത്ത വീട്ടിലെ പയ്യൻ ഇമേജ് ഇപ്പോഴുള്ള ഏക നടനായി ബേസിൽ മാറി.
പിന്നീടങ്ങോട്ട് ബേസിലിന് വിജയങ്ങളായിരുന്നു. ജാനേമൻ മുതൽ സൂക്ഷ്മദർശിനി വരെ ലീഡ് റോളിൽ ആറോളം ഹിറ്റുകൾ. ഈ വർഷം മാത്രം ബേസിലിന്റെ മുഖം പതിഞ്ഞ 7 ചിത്രങ്ങൾ അതിൽ 6 ഉം മികച്ച തിയറ്റർ പ്രതികരണം നേടിയവ . 2024 ൽ മലയാളത്തിലെ സാമ്പത്തിക വിജയം നേടിയ ആദ്യ പത്തു സിനിമകളിൽ 3 ലും ബേസിലിന്റെ സാന്നിധ്യമുണ്ട്.
ഇനി വരാനിരിക്കുന്ന പൊന്മാനും പ്രാവിൻ കൂട് ഷാപ്പും, മരണ മാസ്സും പ്രതീക്ഷയുള്ള സിനിമകളാണ്. ഒരു സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമയുടെ പടികയറി വന്ന അയാൾ ഒരു അഭിനേതാവായി, പ്രേക്ഷകർക്ക് വിശ്വാസം ഉള്ള മലയാളത്തിലെ മുൻ നിര നായക നടനായി മാറിയിരിക്കുന്നു. ഇത്രയും ചെറിയ കാലയളവ് കൊണ്ട് തന്നെ ബേസിൽ ഉണ്ടെങ്കിൽ പടം കാണാം എന്നൊരു തോന്നൽ പ്രേക്ഷകരിൽ ഉണ്ടായിട്ടുണ്ട് . എന്തായാലും അതൊരു ചെറിയ നേട്ടവുമല്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഈ സൂക്ഷ്മത തുടർന്നാൽ ജനപ്രിയ നായകനെന്ന ടാഗ് നേടാൻ ബേസിലിന് അധികം സമയം വേണ്ടി വരില്ല.