നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന മരണ മാസ്സ് ഏപ്രിൽ 10ന് തീയേറ്ററുകളിലേക്ക്. ബേസിൽ നായകനായെത്തുന്ന ചിത്രമായത് കൊണ്ട് തന്നെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു. പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റെതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്സ്. അതേസമയം വിഷു റിലീസായി മരണമാസ്സിനെ കൂടാതെ മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിൻ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവയും എത്തുന്നുണ്ട്.
മൂന്ന് ചിത്രങ്ങൾക്കും ചിത്രത്തിലെ പ്രധാനതാരങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കി കാണുന്നത്. നടൻ സിജു സണ്ണിയാണ് മരണമാസ്സിന് കഥ രചിച്ചിരിക്കുന്നത് . ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിലിനെ കൂടാതെ ചിത്രത്തിൽ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരും എത്തുന്നുണ്ട്.