മുന്‍ സീസണുകളിലെ വിജയമാതൃകകള്‍ പിന്തുടരാന് ശ്രമിച്ച ബിഗ്ബോസ് മത്സരാര്‍ഥികള്‍ക്ക് ഇത്തവണ പാളുകയായിരുന്നു. ലവ് ട്രാക്കും, കലിപ്പും അലറലുമൊന്നും ഇത്തവണ ഏറ്റില്ല എന്ന് മാത്രമല്ല അതിനുള്ള അവസരമെല്ലാം ഇല്ലാതാകുകയും ചെയ്തു. ലവ്ട്രാക്കല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അഴിഞ്ഞാടിയ ജാസ്മിനും ഗബ്രിക്കും വരെ വല്യ നേട്ടമൊന്നും ഉണ്ടായില്ല. ഒന്ന് മാറ്റി പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയ സീസണ് കളി മാറ്റി പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഒരു പക്ഷേ ബിഗ് ബോസ് ഷോയില്‍ നടക്കുന്നതിനേക്കാള്‍ ഗെയിമും ബഹളവുമാണ് ഇത്തവണ പുറത്ത് നടന്നത്. അതൊരുപക്ഷേ ബിഗ് ബോസ് കാഴ്ചക്കാര്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
പുറത്തുനിന്ന് കാണുന്നതിലും സങ്കല്പ്പിക്കുന്നതിലും സമ്മര്‍ദ്ദ സാഹചര്യങ്ങളിലാണ് ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളുടെ നിലനില്‍ക്കുന്നത്. എല്ലാ പരീക്ഷണ സാഹചര്യത്തിലും അവനവനെ അടക്കി, ഗെയിമില്‍ ഫോക്കസ് ചെയ്യുന്നവര്‍ക്ക് മുന്നിലാണ് മുന്നോട്ടുള്ള 14 താണ്ടി കിരീടം ചൂടാനാകുക. ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ പോലും വിജയി ആരെന്ന് കൃത്യമായി പ്രവചിക്കാനാവാത്ത സീസണായീ മാറിയിരിക്കുകയാണിത്.
മത്സരാര്ഥികളില് നിന്ന് ഒരു ഹീറോ/ ഹീറോയിന് ഉദയം ചെയ്യാത്ത സീസണ്. ബിഗ് ബോസ് മലയാളം മുന്‍ സീസണുകളില്‍ നിന്ന് ആറാം സീസണിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാന കാര്യവും ഇതാണ്. രതീഷ് കുമാര്‍, റോക്കി എന്നിവരുടെ എവിക്ഷനും സിജോയുടെ മാറിനില്ക്കലിനും ശേഷം സീസണ് അതിന്റെ താളം കണ്ടെത്തിയെങ്കിലും അത് പ്രേക്ഷകരില്‍ വലിയ ആവേശം ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല. നാല് കിടപ്പുമുറികളും അതിലൊന്ന് പവര്‍ റൂമും ഒക്കെയായി ഡിസൈന്‍ ചെയ്യപ്പെട്ട സീസണ് 6 മത്സരാര്‍ഥികള്‍ക്ക് കളിയില്‍ മുന്നേറാന്‍ മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. ഉറക്കംതൂങ്ങി സീസണെന്ന, പ്രേക്ഷകരുടെ പരാതികള്‍ക്കിടയിലേക്കാണ് നാലാം വാരാന്ത്യത്തില്‍ ആറ് വൈല്‍ഡ് കാര്‍ഡുകളുടെ വരവ്.
ബിഗ് ബോസ് മത്സരാര്‍ഥികളുടെ സെലക്ഷന് പാളിപ്പോയെന്ന് പറഞ്ഞാലും കൃയത്യമായ സെലക്ഷനായിരുന്നു വൈല്‍ഡ് കാര്‍ഡുകളുടേത്. സിബിന്, സായ്, നന്ദന, അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയദീപ്, പൂജ എന്നിവരാണ് എത്തിയത്. വന്ന ദിവസം തന്നെ അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയദീപ് എന്നിവര്‍ ശ്രദ്ധിക്കപ്പെട്ടു. തൊട്ടുപിന്നാലെ വമ്പന്‍ സ്ട്രാറ്റജികള്‍ക്ക് തുടക്കമിട്ട സിബിന് ഈ സീസണിനെ മാറ്റിമറിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. അതുവരെയുള്ള ഷോ കണ്ട് കൃത്യമായ നിരീക്ഷണങ്ങളോടെ വന്നുവെന്ന് തോന്നിപ്പിച്ച പൂജയും മികച്ച ഇംപ്രഷന്‍ ഉണ്ടാക്കി. സായ് കൃഷ്ണ പതുക്കെ തുടങ്ങി വേറിട്ട വഴിയിലൂടെ ഏറെ മുന്നോട്ടുപോയി. വൈല്‍ഡ് കാര്‍ഡുകളിലെ അപ്രതീക്ഷിത പ്രകടനം നന്ദനയുടേത് ആയിരുന്നു. ഉള്ള ആവേശം വാക്കുകളിലാക്കാന്‍ ബുദ്ധിമുട്ടുള്ള ആളെന്ന ആദ്യ പ്രതിച്ഛായയില്‍ നിന്ന് ഏറെ മുന്നോട്ടുപോയി നന്ദന. വൈല്‍ഡ് കാര്‍ഡുകള്‍ വന്നതോടെയാണ് ഈ സീസണ് ചലനാത്മകമായത്. അതുവരെയുണ്ടായിരുന്ന മത്സരാര്ഥികളെയും ഇവരുടെ വരവ് ഉണര്‍ത്തുകയായിരുന്നു എന്ന് വേണം പറയാന്‍.
ഇതിനിടയില്‍ ക്ലാരിറ്റിയില്ലായ്മ ക്ലാരിറ്റിയാക്കിയ ജാസ്മിനും പ്രണയജോഡികളെന്നതിലുപരി പുറത്തുണ്ടായിരുന്ന ആരാധകരെകൂടി ഇല്ലാതാക്കി എന്നും പറയാതെ വയ്യ. സ്വന്തം നിലപാടിലും വ്യക്തിത്വത്തിലും ഉറച്ച് നിന്ന് കിരീടം ഉറപ്പിച്ച നോറയും 91 മത്തെ ദിവസം പുറത്തായതോടെ പ്രേക്ഷകരുടെ കണക്കുകൂട്ടലൊക്കെ പൂര്‍ണമായും തെറ്റുകയായിരുന്നു. മണിക്കൂറുകള്‍ക്ക് വേണ്ടി ഇനി വീടിനുള്ളില്‍ കാത്തിരിക്കുന്നത് ജിന്റോ, അര്ജുന്, ജാസ്മിന്,അഭിഷേക്,ഋഷി എന്നിവരാണ്. 100 ദിവസം നീണ്ട പോരാട്ടത്തില്‍ വിജയകിരീടം ഇനി ആരുചൂടുമെന്ന് കാത്തിരുന്നറിയാം.