ഗുജറാത്തിൽ എ.ഐ.സി.സി. സമ്മേളനം കൊടിയിറങ്ങുമ്പോൾ ഭരണം തിരിച്ചുപിടിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ തെരഞ്ഞെടുപ്പ് സംഭാവനകളുടെ കാര്യത്തിൽ ബി.ജെ.പി.യും കോൺഗ്രസ്സും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇത് കോൺഗ്രസിന് ഭീഷണി തന്നെയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് 2023-24 കാലയളവിൽ പാർട്ടികൾക്ക് ഗുജറാത്തിൽനിന്ന് 404.51 കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. 20,000 രൂപയിൽ കൂടിയ സംഭാവനകളുടെ കണക്കാണിത്. ഇതിൽ 401.98 കോടി രൂപയും ബി.ജെ.പി.ക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് വെറും 2.45 കോടി രൂപ മാത്രമാണ് കിട്ടിയത്. ആം ആദ്മി പാർട്ടിക്ക് 75 ലക്ഷം രൂപയും. കോർപ്പറേറ്റ് കമ്പനികളും കരാറുകാരുമാണ് ബി.ജെ.പി.ക്ക് പണം നൽകിയത്.
ദേശീയ പാതകളുടെയും പാലങ്ങളുടെയും കരാറുകാരായ ദിനേശ് ചന്ദ്ര അഗർവാൾ ഇൻഫ്രാ കോൺ 30 കോടി രൂപയുടെ സംഭാവന നൽകി മുൻപന്തിയിലുണ്ട്. കോൺഗ്രസിന് ലഭിച്ച സംഭാവനകൾ കൂടുതലും സ്വന്തം പാർട്ടി നേതാക്കളും എം.എൽ.എ. മാരുമാണ്. ഗുജറാത്തിലെ സംഭാവനകളുടെ എണ്ണം 2153 ആണ്. ഇതിൽ 2113 ബി.ജെ.പിക്കും 36 എണ്ണം കോൺഗ്രസിനുമാണ്. ഡൽഹിയിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്, 989 കോടി. രണ്ടാമത് ഗുജറാത്താണ്. 334.07 കോടി രൂപ തൊട്ടുപിന്നാലെ മഹാരാഷ്ട്രയും.