പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ മൺമറഞ്ഞുപോയ പിതാവിനും എതിരെ അപകീർത്തി പരാമർശവും ഭീഷണിപ്പെടുത്തലും നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എസ്പിക്ക് യൂത്ത്കോൺഗ്രസ് പരാതി നൽകി. രാഷ്ട്രീയം പറയുവാനോ പ്രവർത്തിക്കുവാനോ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകളാണ് ബിജെപി നേതാക്കളിൽ നിന്നും ഉണ്ടാകുന്നതെന്ന് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പറഞ്ഞു.
ഇന്ത്യയ്ക്ക് മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും ഉണ്ട്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ നാടാണ് ഇന്ത്യ. ആ ചരിത്രത്തെയും പൈതൃകത്തെയും വളച്ചൊടിക്കുവാനും ആ കാലഘട്ടങ്ങളിൽ അതിനെതിരെ പ്രവർത്തിച്ചവരെ മഹാന്മാരാക്കുവാനുമുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും ജയഘോഷ് പറഞ്ഞു. ദേശദ്രോഹികളുടെ പേര് ബിജെപിയുടെ ഓഫീസുകൾക്ക് മാത്രം നൽകിയാൽ മതിയെന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ള നിർമിതികൾക്കും പദ്ധതികൾക്കും അത്തരത്തിലുള്ള പേരുകൾ നൽകുവാനോ, അവരുടെ രാഷ്ട്രീയം അടിച്ചേൽപ്പിക്കുവാനോ ശ്രമിച്ചാൽ യൂത്ത്കോൺഗ്രസ് അതിനെ തടയും.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജനതയുടെ ഹൃദയത്തിലുള്ള നേതാവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരത്തിന്റെ എല്ലാ സ്രോതസ്സുകളെയും ഉപയോഗപ്പെടുത്തി പരമാവധി പണം ചെലവഴിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ബിജെപി പരാജയപ്പെട്ടത് നാം കണ്ടതാണ്. അതേ അനുഭവം തന്നെയാകും വരുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുവാൻ പോകുന്നത്. അത് തിരിച്ചറിഞ്ഞുള്ള അസ്വസ്ഥതകളാണ് ഇപ്പോൾ ബിജെപി നേതാക്കളിൽ പ്രകടമാകുന്നതെന്നും, പൊലീസ് ബിജെപിയുടെ സംരക്ഷണം ഏറ്റെടുത്താൽ അതിനെയും നേരിടുമെന്നും ജയഘോഷ് പറഞ്ഞു.