കൊച്ചി: മുംബൈക്കെതിരെ ജയത്തോടെ ഹോം മത്സരങ്ങൾ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈക്കെതിരെ ഒരു ഗോളിൻ്റെ ഏകപക്ഷീയ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. 52ആം മിനിട്ടിലായിരുന്നു പെപ്രയുടെ വിജയഗോൾ. 28 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.കൊച്ചിയിലെ അവസാന ലീഗ് മത്സരത്തിൽ നോറ ഫെർണാണ്ടസിനെ ഗോൾ പോസ്റ്റിന് കീഴിൽ നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഹെസൂസ് ഹിമനസിന് വിശ്രമം അനുവദിച്ചപ്പോൾ മുന്നേറ്റനിരയിൽ ഇഷാൻ പണ്ഡിറ്റയാണ് ക്വാമെ പെപ്രയ്ക്കൊപ്പം കളിച്ചത്. വിബിൻ മോനനൻ, ദുസാൻ ലഗറ്റോർ എന്നിവരും ആദ്യ ഇലവനിലെത്തി. താരനിര അണിനിരന്ന മുംബൈ നിരയെ കോറോ സിംഗിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിറപ്പിച്ചത്.
വലത് പാർശ്വത്തിൽ മുംബൈയ്ക്ക് നിരന്തരം തലവേദനയായ കോറോയുടെ ക്രോസുകൾ പലതവണ മുംബൈ ബോക്സിനെ കീറിമുറിച്ച് കടന്നുപോയി. ഫിനിഷിംഗിലെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധവും നിർഭാഗ്യവും മുംബൈയ്ക്കും തിരിച്ചടിയായി. ആദ്യ പകുതി ബലാബലം അവസാനിച്ചു.രണ്ടാം പകുതിയിൽ മുംബൈ സിറ്റി ആക്രമണം കടുപ്പിച്ചു. എന്നാൽ, മത്സരത്തിൻ്റെ 52ആം മിനിട്ടിൽ പ്രതിരോധത്തിലെ പിഴവ് മുംബൈയ്ക്ക് തിരിച്ചടിയായി. ബോക്സിനുള്ളിൽ, മുംബൈ താരത്തിൽ നിന്ന് പന്ത് റാഞ്ചിയ പെപ്രയുടെ ടൈറ്റ് ആംഗിൾ ഷോട്ട് ഗോൾ കീപ്പറിൻ്റെ ശരീരത്ത് തട്ടി വല ചലിപ്പിച്ചു. ഒരു ഗോൾ വഴങ്ങിയതോടെ തുടരാക്രമണം അഴിച്ചുവിട്ട മുംബൈ ആക്രമണത്തെ ഒറ്റക്കെട്ടായാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഇതിനിടെ ലഭിച്ച ചില അർദ്ധാവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചുമില്ല.