നടിക്കെതിരായ ലൈംഗിക അധിക്ഷേപങ്ങളിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ ആയിരിക്കുകയാണ്. എല്ലാം പഴുതുകളും അടച്ചുള്ള അന്വേഷണവും തുടർന്ന് കസ്റ്റഡിയിൽ എടുക്കലുമായിരുന്നു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ചിരുന്നത്. ഒരിക്കലും ബോബി ചെമ്മണ്ണൂർ പ്രതീക്ഷിച്ചുകാണില്ല ഇതുപോലൊരു എട്ടിന്റെ പണി. പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും ജയിലിൽ ആകുമെന്ന ഒരു ദീർഘവീക്ഷണവും അദ്ദേഹത്തിന് ഉണ്ടാകാനും ഇടയില്ല. അറസ്റ്റിന് പിന്നാലെ ബോബിയുടെ വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവർ ആശങ്കകളുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതാണെന്ന് പല ഘട്ടങ്ങളിലും വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു.
ഫിജികാർട്ട് എന്ന പേരിൽ ഓൺലൈൻ വിപണനം സാധ്യമാക്കുന്ന വെബ് പോർട്ടലിൽ നിക്ഷേപങ്ങൾ നടത്തിയവർ നിരവധിയാണ്. അദ്ദേഹത്തിന് ധനകാര്യ സ്ഥാപനമായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയിൽ ഉയർന്ന പലിശ ലഭിക്കുമെന്ന ധാരണയിൽ പണനിക്ഷേപം നടത്തിയവരും നിരവധിയാണ്. ബോബിയുടെ അറസ്റ്റ് ഈ സ്ഥാപനങ്ങളെ ബാധിക്കുമെന്നും അതുവഴി തങ്ങളുടെ പണം നഷ്ടമാകുമെന്നും പലരും ആശങ്ക പങ്കുവെക്കുന്നു. ഏറ്റവും ഒടുവിലായി അദ്ദേഹം ആരംഭിച്ച ലോട്ടറി ടിക്കറ്റ് മാതൃകയിലുള്ള ബോച്ചേ ടീയും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. സംസ്ഥാന ലോട്ടറി വകുപ്പ് ഇത്തരത്തിലുള്ള കച്ചവടത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഉടനീളം ഒട്ടേറെ പേരാണ് പണം മുടക്കി ബോച്ചേ ടീയുടെ ഫ്രാഞ്ചൈസികൾ വാങ്ങിയിരുന്നത്. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ് ഇപ്പോൾ.
ഇദ്ദേഹത്തിന്റെ പല സ്വർണ്ണക്കടകളിലും സ്വർണ്ണ നിക്ഷേപം ഉൾപ്പെടെയുള്ള പദ്ധതികളും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം ഭാവി എന്താകുമെന്ന് അനിശ്ചിതത്വത്തിലാണ് ഇപ്പോൾ നിക്ഷേപകർ ഉള്ളത്. പണത്തിന്റെ അഹങ്കാരം കൊണ്ട് എല്ലാത്തിനെയും തന്റെ അധീനതയിൽ കൊണ്ടുവരുവാൻ കഴിയുമെന്ന ബോബിയുടെ ആത്മവിശ്വാസത്തിന് തിരിച്ചടി ലഭിക്കുമ്പോൾ ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു. അറസ്റ്റും വിവാദങ്ങളും ഉയർന്നതോടെ പലരും അദ്ദേഹത്തിന്റെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും അറിയുന്നു.സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും ലൈംഗിക ചുവയോടെയുള്ള പെരുമാറ്റവും ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വാക്കുകൾ കൊണ്ട് ബോബി ചെമ്മണ്ണൂർ മാനസികമായി തളർത്തിയവർ നിരവധിയാണ്. ഇപ്പോൾ അയാൾക്കെതിരെ ശക്തമായി രംഗത്ത് വന്ന നടി ശെരിക്കും സഹികെട്ടുകൊണ്ടാണ് ഇത്തരത്തിൽ മുന്നോട്ടുവന്നത്. അത്രമേൽ പൊതുസമൂഹത്തിൽ അവർ അപഹാസ്യയായിട്ടുണ്ട്. പല ഘട്ടങ്ങളിലും ബോബിക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലൊക്കെയും പണംകൊണ്ട് മാധ്യമങ്ങളെ കൈകാര്യം ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു രീതി. ഒരു യുവതിയെ ബോബി ഭീഷണിപ്പെടുത്തുന്ന വീഡിയോ ഒരിക്കൽ പുറം ലോകത്തേക്ക് വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ ഏറെ ചർച്ചയായെങ്കിലും മുഖ്യധാര മാധ്യമങ്ങൾ ഒന്നും തന്നെ അത് ഏറ്റെടുത്തിട്ടില്ല. അതേസമയം തൊട്ടടുത്ത ദിവസം മുഖ്യധാര മാധ്യമങ്ങളിലെല്ലാം നിറഞ്ഞത് ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റിയുടെ കൂറ്റൻ പരസ്യമായിരുന്നു. ഇന്നലെയും ചില മുഖ്യധാരാ ചാനലുകളിൽ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ തന്നെയായിരുന്നു ലൈവിൽ ദൃശ്യമായത്.
റിപ്പോർട്ടർ ചാനലിൽ ഏറ്റവും ശ്രദ്ധ നേടുന്ന പരിപാടികളിൽ ഒന്നാണ് മീറ്റ് ദി എഡിറ്റേഴ്സ്. കഴിഞ്ഞ ദിവസത്തെ പ്രസ്തുത പരിപാടിയിൽ നടിക്കെതിരായ ബോബിയുടെ ലൈംഗിക അതിക്രമങ്ങൾ ആയിരുന്നു ചർച്ചാവിഷയം. ചാനൽ മേധാവിയും അരുൺകുമാറും ഉണ്ണി ബാലകൃഷ്ണനും സ്മൃതി പരുത്തിക്കാടുമൊക്കെ ബോബിയ്ക്കുനേരെ വിമർശനങ്ങളുടെ ശരമെയ്ത്ത് നടത്തുകയായിരുന്നു. അപ്പോഴും ചാനലിന്റെ സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത് ബോബിയുടെ സ്ഥാപനങ്ങളുടെ പരസ്യം തന്നെയായിരുന്നു. ബോബിയെ അറസ്റ്റ് ചെയ്ത ദിവസം മുഖ്യധാര പത്രങ്ങളിൽ ഒന്നാം പേജിൽ വാർത്ത വന്നില്ലെന്നത് മറ്റൊരു കാര്യം.