തിരുവനന്തപുരം: കാര്യവട്ടം ഗവണ്മെൻ്റ് കോളജിൽ റാഗിങ് നടന്നതായി പരാതി. ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് ആണ് ഇക്കാര്യത്തിൽ കോളജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിനും പരാതിനൽകിയത്. അഭിഷേക് എന്ന് മറ്റൊരു വിദ്യാർത്ഥിയും റാഗിങ് പരാതിനൽകിയെന്ന് സൂചനയുണ്ട്. സംഭവത്തിന് പിന്നാലെ ആൻ്റി റാഗിങ് കമ്മറ്റി നടത്തിയ അന്വേഷണത്തിൽ റാഗിങ് നടന്നതായി സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കണ്ടെത്തൽ.ഏഴ് മൂന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്കെതിരെയാണ് പരാതി. കഴിഞ്ഞ മാസം 11ന് കോളജിൽ സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി ഉണ്ടായിരുന്നു.
അടിപിടിക്കിടെ ബിൻസ് ജോസിൻ്റെ സുഹൃത്തായ അഭിഷേകിന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ അഭിഷേകിനെ അന്വേഷിച്ചെത്തിയ മുതിർന്ന വിദ്യാർത്ഥികൾ ബിൻസിനെ പിടിച്ചുകൊണ്ടുപോയി. ബിൻസിനെ സീനിയർ വിദ്യാർത്ഥികൾ യൂണിറ്റ് റൂമിലെത്തിച്ച് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.സംഭവത്തിൽ അവസാന വർഷ ബിഎസ്സി വിദ്യാർത്ഥികളായ അലന്, അനന്തന്, വേലു, ഇമ്മാനുവൽ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴ് പേർക്കെതിരെയാണ് പരാതി. പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് പരിഗണിച്ച് റാഗിങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.