കെട്ടിടത്തിനുള്ളിലെ നഗരമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടത്തിൽ വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ചൈനയിലെ ഹാങ്ഷൗവിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഈ കെട്ടിടമുള്ളത്. ഭീമാകാരമായ കെട്ടിടത്തിൻ്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ‘ചൈനയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടത്തിൽ 20,000-ത്തിലധികം ആളുകൾ താമസിക്കുന്നു’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോ കണ്ട പലരും വ്യത്യസ്തമായ കമന്റുകളുമായാണ് എത്തിയിരിക്കുന്നത്. ചിലർ ഇതിനെ ‘ജയിൽ’ എന്ന് വിളിച്ചപ്പോൾ മറ്റുള്ളവർ 20,000ത്തിലധികം ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധ്യമാക്കിയ കഴിവിനെയാണ് അഭിനന്ദിച്ചത്. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ അപകടസാധ്യതകൾ കാണിച്ചുകൊണ്ട് നിരവധി ആളുകൾ ഒരുമിച്ച് താമസിക്കുന്നതിൻ്റെ അപകടസാധ്യതകളും ചില ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു. കെട്ടിടത്തിൽ പതിച്ചാൽ വലിയ മരണസംഖ്യയായിരിക്കും ഉയരുക എന്നാണ് ചിലർ പറയുന്നത്. ജലവിതരണവും മലിനജലവും കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന സംശയവും ചിലർ ചോദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഒരു ആഡംബര ഹോട്ടലായാണ് റീജൻ്റ് ഇൻ്റർനാഷണൽ നിർമിച്ചത്. പിന്നീട് ഇത് ഒരു റെസിഡൻഷ്യൽ കെട്ടിടമായി മാറുകയായിരുന്നു. 675 അടി ഉയരത്തിൽ എസ് ആകൃതിയിലുള്ള കെട്ടിടത്തിൽ 39 നിലകളിലായി ആയിരക്കണക്കിന് ഹൈ-എൻഡ് റെസിഡൻഷ്യൽ അപ്പാർട്മെന്റുകളാണ് ഉള്ളത്. ഒരു ഭീമൻ ഫുഡ് കോർട്ട്, പലചരക്ക് കടകൾ, ബാർബർ ഷോപ്പുകൾ, നെയിൽ സലൂണുകൾ, വിശാലമായ പൂന്തോട്ടങ്ങൾ, അത്യാധുനിക ഫിറ്റ്നസ് സെൻ്ററുകൾ, കഫേകൾ, നീന്തൽക്കുളങ്ങൾ, കഫേകൾ എന്നിവ തുടങ്ങി ഒരു മനുഷ്യൻ ആവശ്യമായ എല്ലാം ഈ കെട്ടിടത്തിനുള്ളിൽ തന്നെയുണ്ട്. ലോകത്തിലെ രണ്ടാമത്തെ സെവൻ സ്റ്റാർ ഹോട്ടലായ സിംഗപ്പൂർ സാൻഡ്സ് ഹോട്ടലിൻ്റെ ചീഫ് ഡിസൈനറായ അലിസിയ ലൂയാണ് ഈ കെട്ടിടം രൂപകൽപന ചെയ്തത്. 2013ലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.