തിരുവനന്തപുരം: സംസ്ഥാനത്തെ 28 വാർഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എന്നാൽ കാസർകോട് ജില്ലിയിലെ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ ഇവിടെ തെരഞ്ഞെടുപ്പില്ല.
തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുൻസിപ്പിലാറ്റി വാർഡുകൾ. 22 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ തുടങ്ങിയ വാർഡുകളിലാണ് തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിരുന്നു. 28530 പുരുഷന്മാരും 32087 സ്ത്രീകളു അടക്കം 60617 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്. 28 വാർഡുകളിലായി ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ