അലബാമ: നിപ വൈറസിന്റെ കുടുംബത്തിൽപ്പെടുന്ന മാരകമായ ക്യാംപ്ഹിൽ വൈറസ് ആദ്യമായി അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ക്യൂൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ കണ്ടെത്തൽ വൈറസ് പ്രതീക്ഷിച്ചതിലും വ്യാപകമായി ആഗോളതലത്തിൽ നിലനില്ക്കുന്നതായി വ്യക്തമാക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. ഡോ. ഷൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
കാനഡയും അമേരിക്കയും ഉൾപ്പെടുന്ന വൻകരകളിൽ കാണപ്പെടുന്ന ചെറിയ സസ്തനിയായ നോർത്തേൺ ഷോർട്ട്-ടെയ്ൽഡ് ഷ്ര്യൂവിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ ജീവി, നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മുള്ളൻപന്നികളുടെ കുടുംബത്തിൽപ്പെടുന്നതാണ്. ഇതുവരെ ഒരു സാമ്പിളിൽ മാത്രമേ വൈറസ് പോസിറ്റീവ് ആയിട്ടുള്ളൂ. വവ്വാലുകളാണ് നിപയെപ്പോലെ ഈ വൈറസിന്റെയും പ്രധാന വാഹനങ്ങൾ. വവ്വാലുകളിൽ നിന്ന് മനുഷ്യരുള്പ്പെടെ മറ്റു ജീവികളിലേക്ക് രോഗം പകരാമെന്നതാണ് പുതിയ കണ്ടെത്തലിൽ നിന്നുള്ള പ്രധാന നിഗമനം.
‘പാരാമിക്സോവൈറിഡേ’ വിഭാഗത്തിലുള്ള ഈ വൈറസ്, നിപയെപ്പോലെതന്നെ നാഡീമണ്ഡലത്തെയും ശ്വാസകോശത്തെയും ബാധിക്കുന്നു. മസ്തിഷ്കജ്വരമുള്പ്പെടെ ഗുരുതരമായ അവസ്ഥകൾ സൃഷ്ടിച്ചേക്കാം. സ്രവങ്ങൾ വഴി ഒരു മനുഷ്യനിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാൽ രോഗം പകർച്ചവ്യാധിയായി മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ കുടുംബത്തിലെ മറ്റൊരു വൈറസായ ലാങ്ഗ്യ നേരത്തെ ചൈനയിൽ കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളിൽ നിന്നു ഷ്ര്യൂവിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കുമാണ് വൈറസ് പകർന്നതെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു. അതുപോലെ, ക്യാംപ്ഹിൽ വൈറസിനും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയേറെയാണെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഈ വിഭാഗത്തിൽപെട്ട വൈറസുകൾക്കെതിരെ ഒരു പൊതുവായ വാക്സിൻ വികസിപ്പിക്കാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച്, വൈറസിന്റെ കോശസ്തരത്തിൽ കാണപ്പെടുന്ന മാംസ്യതന്മാത്രയെ ലക്ഷ്യമിട്ടാണ് വാക്സിൻ വികസിപ്പിക്കൽ.
തലവേദന, പനി, ക്ഷീണം, പേശിവേദന എന്നിവയാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ, പ്രാഥമിക ഘട്ടത്തിൽ തന്നെ ചികിത്സ ലഭ്യമാകാത്ത പക്ഷം മസ്തിഷ്കജ്വരത്തിന് കാരണമാകാം. രോഗം മൂർച്ഛിച്ചാൽ ആശയക്കുഴപ്പം, ഹൈപ്പർറിഫ്ളെക്സിയ, അപസ്മാരം എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ ഉണ്ടാകാം. വേഗത്തിൽ ചികിത്സിക്കാത്തപക്ഷം രോഗി കോമയിലേക്ക് പോകാനും മരണത്തിനിടയാക്കാനും സാധ്യതയുണ്ട്. നിപ വൈറസിന്റെ ചില ഉല്പാതനങ്ങളിൽ 100% മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാംപ്ഹിൽ വൈറസിനും 57% മരണനിരക്ക് ഉണ്ടായേക്കാമെന്നാണ് കണക്കുകൾ. അതിനാൽ, ഈ വൈറസിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.