പഠിക്കുന്ന കാലത്തും പിന്നീടും എന്തെങ്കിലുമൊക്കെ രാഷ്ട്രീയ കേസുകളിലും, മറ്റ് അടിപിടി കേസുകളിലും ഉൾപ്പെടുന്നവർ നിരവധിയാണ്. അവരിൽ പലർക്കും പാസ്പോർട്ട് കിട്ടുമോയെന്നതിൽ പലതരത്തിലുള്ള സംശയങ്ങളും ഉണ്ട്. കട ബാധ്യതകൾ മൂലമുള്ള പ്രാരാബ്ധം കൊണ്ടും കൂടുതൽ മികച്ച തൊഴിലിന് വേണ്ടിയും മികച്ച വിദ്യാഭ്യാസവസരങ്ങൾക്ക് വേണ്ടിയും പ്രവാസജീവിതം തെരഞ്ഞെടുക്കുന്നവർ ഒട്ടേറെയാണ്. ഇന്ത്യയിൽ നിന്ന പുറത്തേക്ക് പോകാൻ ടിക്കറ്റിനോടൊപ്പം വേണ്ട പ്രധാന രേഖയാണ് പാസ്പോർട്ട് എന്നത്.
ഒരാളുടെ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് വരെ അന്വേഷിക്കുന്ന പൊലീസ് വേരിഫിക്കേഷനിലൂടെയെ അത് ലഭ്യമാകൂ. ഇന്ത്യ സ്വതന്ത്രമായ കാലത്ത് പാസ്പോർട്ടിനായി മാത്രം ഒരു നിയമമൊന്നുമുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാർ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൻ്റെ ഭാഗമായാണ് പാസ്പോർട്ടിനെയും കണ്ടിരുന്നത്. അത് കൊണ്ട് ഒരാൾക്ക് പാസ്പോർട്ട് അനുവദിക്കുന്നത് സർക്കാരിൻ്റെ ഒരു എക്സിക്യുട്ടീവ് സംവിധാനമായിരുന്നു.
1967ലാണ് ഇന്ത്യൻ പാർലമെൻ്റ് പാസ്പോർട്ട് ആക്ട് പാസാക്കുന്നത്. പാസ്പോർട്ടിന് എങ്ങനെ അപേക്ഷിക്കണമെന്നതിൽ തുടങ്ങി പാസ്സ്പോർട്ട് നിഷേധിക്കാൻ വേണ്ട കാരണങ്ങളും സസ്പെൻറ് ചെയ്യാനുള്ള കാരണങ്ങളുമൊക്കെ ആക്ടിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ലളിതമായി പറഞ്ഞാൽ ഒരു ഇന്ത്യൻ പൗരന് ഇന്ത്യ വിട്ടുപോകാൻ നിർബന്ധമായും കയ്യിലുണ്ടായിരിക്കേണ്ട രേഖയാണ് പാസ്പോർട്ട് എന്നത് .
വിട്ടുപോകുക അഥവാ ഡിപ്പാർച്ചർ എന്നാൽ അത് ജലഗതാഗതത്തിലൂടെയൊ ഫ്ള്ളൈറ്റിലൂടെയൊ ഭൂമിയിലൂടെയൊ ഒക്കെയാകാം. പാസ്പോർട്ട് ആക്ടിലെ മൂന്നാം വകുപ്പനുസരിച്ച് പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിൽ നിന്ന് ഒരാൾക്കും പുറത്ത് പോകാൻ അനുവാദമില്ല. അങ്ങനെ പോകുന്നതോ പോകാൻ ശ്രമിക്കുന്നതോ 12 വകുപ്പനുസരിച്ച് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്. സർക്കാരിന് തോന്നിയ പോലെ പാസ്പോർട്ടുകൾ നിഷേധിക്കാനുള്ള അവകാശം കൂടിയാണ് പാസ്സ്പോർട്ട് ആക്ടോടെ ഇല്ലാതായത്. ഇപ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായാലേ ഒരു പാസ്പോർട്ട് അപേക്ഷ നിരാകരിക്കുവാൻ കഴിയൂ.
അപേക്ഷകൻ ചെല്ലുന്ന രാജ്യത്ത് ഇന്ത്യയുടെ പരമാധികാരത്തിനൊ അഖണ്ഡതക്കൊ എതിരായി പ്രവർത്തിക്കാൻ സാധ്യത ഉണ്ടെങ്കിലോ, അപേക്ഷകൻ്റെ ആ രാജ്യത്തെ സാനിധ്യം ഇന്ത്യയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെങ്കിലോ, അപേക്ഷകൻ്റെ സാന്നിധ്യം ആ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തെ ദോഷകരമായി ബാധിക്കുമെങ്കിലോ, കേന്ദ്ര സർക്കാരിൻ്റെ അഭിപ്രായത്തിൽ അപേക്ഷകൻ്റെ ആ രാജ്യത്തെ സാനിധ്യം പൊതുതാത്പര്യത്തിനെതിരാണെങ്കിലോ വിദേശയാത്രകൾ നിഷേധിക്കാൻ പറ്റും. അപേക്ഷകൻ ഇന്ത്യൻ പൗരൻ അല്ലെങ്കിലോ, അപേക്ഷകൻ ഇന്ത്യക്ക് പുറത്ത് ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള പ്രവൃത്തികളിൽ ഏർപ്പെടാൻ സാധ്യത ഉണ്ടെങ്കിലോ, രാജ്യ സുരക്ഷയെ ദോഷകരമായി ബാധിക്കുമെങ്കിലോ, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തെ ബാധിക്കുമെങ്കിലോ, അപേക്ഷ വക്കുന്നതിന് അഞ്ച് വർഷം മുമ്പുള്ള കാലയളവിൽ രണ്ട് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലോ, അപേക്ഷ വക്കുന്നതിന് അഞ്ച് വർഷം മുമ്പുള്ള കാലയളവിൽ രണ്ട് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലോ, അപേക്ഷകനെതിരെ വാറന്റോ സമൻസൊ പെൻഡിങ് ഉണ്ടെങ്കിലോ പാസ്പോർട്ട് അനുവദിക്കാതിരിക്കാം.
ഇനി ഒരാൾക്ക് പാസ്പോർട്ട് ലഭിച്ചാൽ തന്നെ മുമ്പ് പറഞ്ഞ കാരണങ്ങൾ കൊണ്ട് അത് റീവോക്ക് ചെയ്യാനും സസ്പെൻ്റ് ചെയ്യാനും അതോറിറ്റിക്ക് അവകാശമുണ്ട്. ഒരു ക്രിമിനൽ കേസിൽ പ്രതി ആകുന്നയാൾ അടിസ്ഥാനപരമായി ഒരാളുടെ പരാതിയനുസരിച്ച് അക്കുസ്ഡ് ആരോപണ വിധേയൻ ആണ്. ആൻ അക്യുസ്ഡ് ഈസ് പ്രെസ്യൂമ്ഡ റ്റു ബി ഇന്നസൻ അൺറ്റിൽ പ്രുവൻ ഗിൽറ്റി എന്നതാണ് നമ്മുടെ ക്രിമിനൽ നിയമ വ്യവസ്ഥയുടെ അടിസ്ഥാന തത്വം.
അതായത് വിചാരണയിൽ കുറ്റവാളി ആണെന്ന് തെളിയിക്കപ്പെടുന്നത് വരെ പ്രതിയെ നിരപരാധി ആയി കാണണമെന്ന്. എന്നാൽ പാസ്സ്പ്പോർട്ട് ആക്ടിലെ സെക്ഷൻ 6 (2) (f) അ നുസരിച്ച് ഒരു കേസിൽ പ്രതി ആയി കേസിൻ്റെ നടപടികൾ ഒരു കോടതിയിൽ പെൻഡിങ്ങ് ആണെകിൽ പാസ്സ്പോർട്ട് നിഷേധിക്കാം. ഒരു കള്ളക്കേസുണ്ടായാൽ ഒരാളുടെ വിദേശ യാത്രകൾ മുടക്കാമെന്നർത്ഥം. ഇത്തരമൊരു അനോമലിക്ക് ആദ്യമായി മാറ്റം ഉണ്ടാകുന്നത് 1993 ലെ സർക്കാർ ഉത്തരവോടെയാണ്. ഈ ഉത്തരവനുസരിച്ച് കേസ് നടപടികൾ പെൻഡിങ്ങ് ആയ കോടതിയുടെ അനുമതി ഉണ്ടെങ്കിൽ പ്രതിയായ ആൾക്ക് പാസ്പോർട്ട് അനുവദിക്കാം. ഈ പാസ്പോർട്ട് ഉപയോഗിച്ച് അയാൾക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
സാധരണ ഗതിയിൽ പാസ്സ്പോർട്ട് അതോറിറ്റിക്കാണ് പാസ്പോർട്ടിൻ്റെ കാലാവധി നിശ്ചയിക്കാൻ അധികാരമെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പ്രസ്തുത കോടതികൾക്ക് ആവശ്യമെന്ന് തോന്നിയാൽ കാലാവധി നിശ്ചയിക്കാം. ഇനി കോടതി കാലവധി നിശ്ചയിച്ചില്ലെങ്കിൽ ഒരു വർഷമായിരിക്കും ഇത്തരം കേസുകളിൽ ഉൾപെടുന്നവരുടെ പാസ്പോർട്ട് കാലാവധി. കാലാവധി പുതുക്കണമെങ്കിൽ വീണ്ടും കോടതിയുടെ അനുമതി വേണമെന്ന് മാത്രം. ഇങ്ങനെ പാസ്പോർട്ട് ലഭിക്കുന്നവർ പാസ്പോർട്ട് അതോറിറ്റിക്ക് മുമ്പാകെ കേസിന് ആവശ്യമെങ്കിൽ ഹാജരായിക്കൊള്ളാം എന്നൊരു അഫിഡവിറ്റും ഫയൽ ചെയ്യണം.
ഒരു കേസിലെ അക്യു സ്ഡ് ആയ ആൾ വിദേശ രാജ്യത്തേക്ക് പോയതിന് ശേഷം അബ്സ് കോണ്ടിങ്ങ് ആകുമോ എന്നതായിരിക്കും വിചാരണ നടക്കുന്ന കോടതിയുടെ കൺസേൺ. അതുണ്ടാകില്ല എന്നുറപ്പ് ലഭിക്കുന്നതോടെ അയാൾക്ക് പാസ്പോർട്ട് ലഭിക്കുന്നതിന് തടസ്സം നിൽക്കേണ്ട കാര്യം കോടതിക്കില്ലല്ലൊ. എന്നാൽ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതിന് ശേഷവും പല വിചാരണ കോടതികളും പ്രതികളുടെ പാസ്സ്പോർട്ട് അനുമതിക്കും പാസ്പോർട്ട് പുതുക്കലിനും അനുകൂലമായിരുന്നില്ല.
പിന്നീട് വിവിധ ഹൈക്കോടതി – സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് വിചാരണ കോടതികൾ അനുകൂല സമീപനം എടുത്ത് തുടങ്ങിയത്. ചുരുക്കി പറഞ്ഞാൽ ഒരു കേസ് ഉണ്ടാകുന്നത് പുറം ലോകത്തേക്കുള്ള യാത്രകൾ തടയുന്നതിനുള്ള ലൈസൻസ് അല്ല എന്നർത്ഥം. വിചാരണ നടക്കുന്ന കോടതിയുടെ അനുമതി ലഭിച്ചാൽ ആ കടമ്പയും കടക്കാവുന്നതെയുള്ളൂ. അതിനി ആദ്യം പാസ്പോർട്ട് ലഭിക്കുന്നതിനാണെങ്കിലും ശരി, അനുമതി വീണ്ടെടുക്കുന്നതിനാണെങ്കിലും ശരി.