പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പത്തനംതിട്ട മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്, നിഖില്‍ ഈപ്പന്, ബിജു പി ജോര്‍ജ്, അനു എന്നിവരാണ് മരിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ നിഖിലിനെയും അനുവിനെയും സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.