ദില്ലി: പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നതിനുള്ള കരട് നയം തയ്യാറാക്കിയതെന്ന് സിബിഎസ്ഇ ചെയർപേഴ്സൺ രാഹുൽ സിംഗ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ മറ്റൊരു അവസരം കൂടി കൊടുക്കാനാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 9, 10 ക്ലാസുകളിലായി 16 അക്കാദമിക് വിഷയങ്ങളും 23 നൈപുണ്യ വിഷയങ്ങളും 45 ഭാഷകളും പഠിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കരട് നയത്തിൽ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ പരിഷ്കരണം ഉണ്ടാകും. ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
2026 മുതൽ 10-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു ഘട്ടങ്ങളിലായിരിക്കും. ആദ്യഘട്ടം ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെയും, രണ്ടാമത്തെ ഘട്ടം മേയ് 5 മുതൽ 20 വരെയും നടക്കുമെന്ന് കരടു മാർഗരേഖ വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്ക് ഒരു തവണയോ രണ്ടു തവണ യോ പരീക്ഷ എഴുതാം. രണ്ടു തവണയും പരീക്ഷ എഴുതാൻ തീരുമാനിച്ചാലും വീണ്ടും എഴുതാൻ ആഗ്രഹിക്കാത്ത വിഷയങ്ങൾ/പേപ്പറുകൾ എന്നിവ ഒഴിവാക്കാനും സാധിക്കും.
നിലവിലെ 32 ദിവസത്തെ പരീക്ഷാ കാലയളവിനെ 16-18 ദിവസമായി ചുരുക്കുമെന്നും കരടു നയം വ്യക്തമാക്കുന്നു.