തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമര്‍ദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയില്‍ പ്രവേശിച്ചു. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യുനമര്‍ദ്ദപാത്തി ദുര്‍ബലമായിട്ടുണ്ട്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.