ബംഗളൂരു: ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുൽ ഗാന്ധിക്കെതിരെ വന്ന ഭീഷണികളില്‍ അപലപിച്ച അദ്ദേഹം, ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന രാഹുൽ ഗാന്ധി ഇത്തരം ഭീഷണികളിൽ ഭയപ്പെടുന്ന ആളല്ലെന്നും പറഞ്ഞു.
ബി.ജെ.പി രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തുന്നത് മുത്തശ്ശിയായ ഇന്ദിര ഗാന്ധിയുടെ അനുഭവം രാഹുൽ ഗാന്ധിക്കുമുണ്ടാവുമെന്ന് പറഞ്ഞാണ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ്.
രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്വാദിനെതിരെ വധഭീഷണി മുഴക്കിയതിന് ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട സിദ്ധരാമയ്യ, കേന്ദ്ര റെയിൽവേ മന്ത്രി രവ്ണീത് സിങ് രാഹുൽ ഗാന്ധിയെ തീവ്രവാദിയെന്നാണ് വിളിച്ചതെന്നും ഇത്തരം വിളികളിലൂടെയാണ് ബി.ജെ.പി പാർട്ടി പ്രവർത്തകരെ ഭയപ്പെടുത്തുകയും പ്രകോപിതരാക്കുകയും ചെയ്യുന്നതെന്നും പറഞ്ഞു.
നരേന്ദ്ര മോദി തന്റെ അഞ്ച് വർഷം പൂർത്തിയാക്കില്ലെന്ന് സംശയം പ്രകടിപ്പിച്ച മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും അധിക കാലം കേന്ദ്ര സർക്കാറുമായി ഒത്തുപോവില്ലെന്നും അദ്ദേഹം പറഞ്ഞു.