കൊച്ചി: ഉമ്മൻചാണ്ടി എന്ന നേതാവ് രാഷ്ട്രീയ കേരളത്തിൽ സമാനതകളില്ലാത്ത നേത്രപാടവത്തിന്റെയും ജനകീയതയുടെയും ഉത്തമ ഉദാഹരണം ആയിരുന്നു. എല്ലാവർക്കും സ്വീകാര്യനായ ഉമ്മൻചാണ്ടി നാട് അറിഞ്ഞ ജനസമ്പർക്ക നേതാവായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ മരണം പോലും ഉമ്മൻചാണ്ടിയിലെ ജനകീയ നേതാവിനെ കൂടുതൽ തുറന്നു കാട്ടുന്നതും ആയിരുന്നു. ഉമ്മൻചാണ്ടിക്ക് പിൻഗാമിയായി സ്വയം പരിവേഷം ചമയുന്ന മകനും എംഎൽഎയും ആയ ചാണ്ടി ഉമ്മന് ഒരിക്കലും തന്റെ അപ്പയെ പോലെയല്ല. ആകുവാൻ എത്രകണ്ട് ശ്രമിച്ചാലും കഴിയില്ലെന്നും ചുരുങ്ങിയ നാളുകൾ കൊണ്ട് ഏവർക്കും മനസ്സിലായതുമാണ്. ശരിക്കും പറഞ്ഞാൽ ചാണ്ടി എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ഏതോ സ്വപ്നലോകത്ത് ജീവിക്കുന്നതുപോലെ. ചീകാത്ത മുടി ഉണ്ടായതുകൊണ്ടോ അർദ്ധരാത്രിയിൽ ഏതെങ്കിലും ഫയൽ നോക്കിയത് കൊണ്ടോ ഒരിക്കലും ഉമ്മൻചാണ്ടി ആവുകയില്ലെന്ന് ഒപ്പം നിൽക്കുന്നവരെങ്കിലും ചാണ്ടിനെ ഉപദേശിക്കണം. ഇതിപ്പോൾ അപ്പന് പോലും കളങ്കമായി മകൻ മാറുന്ന സ്ഥിതിയാണ്. എംഎൽഎ ആകുന്നതിനു മുമ്പേ ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിൽ ഉണ്ട്. പിതാവായ സാക്ഷാൽ ഉമ്മൻചാണ്ടി പോലും ചാണ്ടിയെ അന്നൊന്നും അടുപ്പിച്ചിട്ടില്ല. ഏതോ കോണിൽ നിന്നും എന്തൊക്കെയോ പ്രവർത്തനങ്ങൾ നടത്തി തന്റെ മുഖം കാട്ടി അങ്ങ് തട്ടിയും മുട്ടിയും നിൽക്കുകയായിരുന്നു ചാണ്ടി. പിതാവിന്റെ മരണം ഒട്ടും അർഹതയില്ലെങ്കിലും ചാണ്ടിക്ക് ഒരു എംഎൽഎ സീറ്റ് തരപ്പെടുത്തി നൽകി. പുതുപ്പള്ളിയിലെ ജനം ആകട്ടെ മത്സരിച്ചത് ചാണ്ടി ഉമ്മൻ ആണെങ്കിലും വോട്ട് രേഖപ്പെടുത്തിയത് അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് ആയിരുന്നു. അതുകൊണ്ട് പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി വിജയിച്ചു. ഇനി വിജയിച്ചപ്പോൾ എങ്കിലും ഒരു എംഎൽഎ ഒക്കെ ആയില്ലേ, സ്വഭാവത്തിലും പെരുമാറ്റത്തിലും എന്തെങ്കിലുമൊക്കെ മാറ്റം വരുത്തണമെന്ന് ചാണ്ടി മനസ്സിലാക്കിയതുമില്ല. ഒപ്പമുള്ളവർ ആരും തന്നെ പറഞ്ഞു കൊടുത്തിട്ടുമില്ല. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. അവിടുത്തുകാരുടെ പുതുപ്പള്ളി പുണ്യാളനെ പോലെ വിളിച്ചാൽ വിളിപ്പുറത്ത് ഉമ്മൻചാണ്ടി സദാസമയവും ഉണ്ടായിരുന്നു. എന്നാൽ ചാണ്ടി ഉമ്മൻ ആകട്ടെ മണ്ഡലത്തെയും മണ്ഡലത്തിലെ സാദാ ജനങ്ങളെയും വകവെക്കാതെ മുന്നോട്ടു പോവുകയാണ്. മണ്ഡലത്തിലെ സാധാരണക്കാരുടെ വീടുകളിലെ ചടങ്ങുകളിൽ പോലും ചാണ്ടി പങ്കെടുക്കുന്നില്ലെന്നാണ് പാർട്ടിക്കാർ തന്നെ തുറന്നു പറയുന്നത്. എന്നാൽ മുതലാളിമാരുടെയും മണ്ഡലത്തിന് പുറത്തുള്ള വമ്പൻ ടീമുകളുടെയും കല്യാണത്തിനും പാലുകാച്ചിനുമെല്ലാം ചാണ്ടി സജീവ സാന്നിധ്യവും ആണ്. ഇടക്കാലത്ത് യൂത്ത് കോൺഗ്രസിന്റെ പോഷക വിഭാഗമായ ഔട്ട് റീച് സെല്ലിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും ചാണ്ടി ഉമ്മനെ നീക്കിയിരുന്നു. അത് പല പ്രശ്നങ്ങൾക്കും വഴി വെച്ചതും ആയിരുന്നു. എന്നാൽ സെല്ലിന്റെ പ്രവർത്തനങ്ങൾ പറഞ്ഞുകൊണ്ട് വിദേശങ്ങളിൽ നിന്നും പണം സ്വീകരിച്ചുവെന്ന പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്ന് പരാതികളെ തുടർന്നാണ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും പറയപ്പെടുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കൃത്യമായ ആൾ ബലം ഉമ്മൻചാണ്ടി എന്ന നേതാവിന് ഉണ്ടായിരുന്നു. എന്നാൽ അതിനു ശ്രമിച്ച ചാണ്ടിക്ക് ആകട്ടെ സ്വന്തം നിഴൽ അല്ലാതെ മറ്റാരും ഇല്ല. അടുത്തിടെ നിരന്തരം പാർട്ടിക്കെതിരെ ചാണ്ടി രംഗത്ത് വന്നിട്ടുണ്ട്. ഇതുകൂടിയായപ്പോൾ ഉമ്മൻചാണ്ടിയോടുള്ള സ്നേഹം ചാണ്ടിയോടും പ്രകടിപ്പിച്ചവർ പോലും തിരിയുന്ന സ്ഥിതിയുണ്ടായി. പാലക്കാട്ടെ തെരഞ്ഞെടുപ്പിന് തനിക്ക് ആരും ചുമതല നൽകിയില്ലെന്ന പരസ്യ പ്രതികരണം ഏറെക്കുറെ പ്രവർത്തകരിൽ നിന്നും ചാണ്ടിയെ അകറ്റി എന്നു തന്നെ പറയാം. അനവസരത്തിലുള്ള പ്രതികരണം ഏതോ സ്വപ്ന ലോകത്ത് നിന്നും ചില ലക്ഷ്യങ്ങളുമായി ബോധപൂർവ്വം നടത്തിയത് തന്നെയാണ്. വിദൂരത്തിൽ എങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനവും വരാനിരിക്കുന്ന മന്ത്രിസഭയിലെ താക്കോൽ സ്ഥാനവുമെല്ലാം ചാണ്ടി ലക്ഷ്യം വെക്കുന്നു. അതിപ്പം ആർക്കാണ് സ്വപ്നങ്ങൾ കാണാൻ പരിധികൾ ഉള്ളത്. ഇങ്ങനെയാണ് ചാണ്ടി ഉമ്മന്റെ പോക്ക് എങ്കിൽ പുതുപ്പള്ളിയിൽ അടുത്ത തവണ ജയിച്ചു കയറുക തന്നെ അത്ര എളുപ്പമല്ല. അപ്പോഴാണ് ഇനി മന്ത്രിയാകുന്നതും കെപിസിസി പ്രസിഡന്റ് ആകുന്നതുമൊക്കെ.