സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 6 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് 8 ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് പുതിയ യെല്ലോ അലര്‍ട്ട് .
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലകളിലും ഇടനാടുകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.