മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. 4കെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ റി-റിലീസ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 7ന് തിയറ്ററുകളിൽ തിരിച്ചെത്തും.
എം.ടി. വാസുദേവൻ നായരും ഹരിഹരനും ചേർന്ന് കഥയെഴുതിയ ഈ ചിത്രം 1989ലാണ് റിലീസ് ചെയ്തത്. ചന്തുവിന്റെ കഥാപാത്രം അവിസ്മരണീയമാക്കിയ നടൻ മമ്മൂട്ടിക്ക് ഈ ചിത്രം സമ്മാനിച്ചത് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ചിത്രം, മലയാള സിനിമയ്ക്ക് എന്നും അഭിമാനമായിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു പി. വി ഗംഗാധരന്റെ വിയോഗം. അദ്ധേഹത്തിന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് ആരംഭിച്ച എസ് ക്യൂബ് ഫിലിംസിന്റെ സിനിമ ക ൾ നിർമ്മിച്ചിട്ടുണ്ട്. ‘മാറ്റിനി നൗ’ ആണ് 4കെ അറ്റ്മോസിൽ ചിത്രത്തിന്റെ റീ-റിലീസ് നടത്തുന്നത്.
മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കെ. രാമചന്ദ്രൻ ബാബുവിന്റെ ഛായാഗ്രഹണവും ബോംബെ രവിയുടെ സംഗീതവും എം.എസ്. മണിയുടെ എഡിറ്റിംഗും സിനിമയെ വേറിട്ടു നിലനിര്‍ത്തുന്നു. മലയാള സിനിമാ പ്രേക്ഷകർക്ക് വീണ്ടും ഒരു ഗംഭീരാനുഭവം നൽകാൻ ഈ ക്ലാസിക് തിരികെ എത്തുകയാണ്.