ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍എസ്ഐയു) തറക്കല്ലിട്ടു. ഈ ബ്ലോക്കിന് ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്ക് എന്ന് പേരിടും.
നിര്‍ദിഷ്ട പദ്ധതി പ്രകാരം നിലവിലുള്ള കെട്ടിടം ഒരു ബഹുനില കെട്ടിടമായി മാറ്റും. ഇതില്‍ അത്യാധുനിക ലെക്ചര്‍ തിയേറ്ററുകള്‍, സെമിനാര്‍ റൂമുകള്‍, ഫാക്കല്‍റ്റി ഓഫീസുകള്‍, സഹകരണ ഗവേഷണത്തിനുള്ള ഇടങ്ങള്‍ എന്നിവ ലഭ്യമാക്കും. ഈ നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മെച്ചപ്പെട്ട പഠന അന്തരീക്ഷവും, അതിവേഗം വികസിക്കുന്ന നിയമ മേഖലയില്‍ വളരാനും സഹായിക്കും.
ജെഎസ്ഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ഗണ്യമായ സഹായധനം വഴിയാണ് ഈ പദ്ധതി. എന്‍എല്‍എസ്ഐയുവിന്റെ അക്കാദമിക് അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ സഹകരണത്തിന്റെ ഭാഗമാണിത്. അക്കാദമിക് ബ്ലോക്കിലെ പ്രവര്‍ത്തനങ്ങള്‍ക്കും നിയമ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും, അവസരങ്ങളും നേരിടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അത്യാധുനിക ഗവേഷണ കേന്ദ്രമായ ‘ജെഎസ്ഡബ്ല്യു സെന്റര്‍ ഫോര്‍ ദ ഫ്യൂച്ചര്‍ ഓഫ് ലോ’ സ്ഥാപിക്കുന്നതിനും ധനസഹായം നല്‍കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സ്വകാര്യത, ഓട്ടോമേഷന്‍, ഉയര്‍ന്നുവരുന്ന ഈ സാങ്കേതികവിദ്യകളുടെ ധാര്‍മ്മിക പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഗവേഷണത്തിന് ഈ കേന്ദ്രം നേതൃത്വം നല്‍കും. നിയമപരമായ നിയന്ത്രണത്തിന്റെ പുതിയ മാതൃകകള്‍ വികസിപ്പിക്കുന്നതിനും അത്യാധുനിക നിയമ സാങ്കേതിക വിദ്യകള്‍ ഇന്‍കുബേറ്റ് ചെയ്യുന്നതിനും അക്കാദമിക്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെഗുലേറ്ററി അതോറിറ്റികള്‍, സ്വകാര്യ മേഖല എന്നിവ തമ്മിലുള്ള സഹകരണം ഇത് പ്രോത്സാഹിപ്പിക്കും.
അറ്റോര്‍ണി ജനറല്‍ ആര് വെങ്കിട്ടരമണി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര, ജെഎസ്ഡബ്ല്യു ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സംഗീത ജിന്‍ഡാല്‍, ജെഎസ്ഡബ്ല്യു സിമന്റ് & ജെഎസ്ഡബ്ല്യു പെയിന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത് ജിന്‍ഡാല്‍ ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അക്കാദമിക് ബ്ലോക്കിന്റെ വികസനവും ജെഎസ്ഡബ്ല്യു സെന്റര്‍ ഫോര്‍ ദി ഫ്യൂച്ചര്‍ ഓഫ് ലോയും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നിയമത്തിന്റെയും സാങ്കേതികവിദ്യയുടെയും മേഖലകളിലെ അതിവേഗ മാറ്റങ്ങള്‍ നേരിടാനും അടുത്ത തലമുറയിലെ നിയമ പ്രൊഫഷണലുകളെ തയ്യാറാക്കുക കൂടിയാണ്. ഈ പങ്കാളിത്തം രാഷ്ട്രനിര്‍മ്മാണത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.
എന്‍എല്‍എസ്ഐയുവിന്റെ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് അറിവ് മാത്രമല്ല സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സഹായിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. നീതിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ സാങ്കേതികവിദ്യകളുമായി ഇടപഴകാന്‍ തയ്യാറായ പ്രൊഫഷണലുകളെകൊണ്ട് ഇന്ത്യയിലെ നിയമത്തിന്റെ ഭാവി രൂപപ്പെടുത്തുമെന്ന് ജെഎസ്ഡബ്ല്യു ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സംഗീത ജിന്‍ഡാല്‍ പറഞ്ഞു.
കരാര്‍ വിശകലനത്തിനായുള്ള നിര്‍മ്മിത ബുദ്ധി അടിസ്ഥാനമായുള്ള ടൂളുകള്‍ മുതല്‍ വ്യവഹാരത്തിലെ ഓട്ടോമേഷന്‍ വരെ സാങ്കേതികവിദ്യ നിയമ മേഖലെ അതിവേഗം മാറ്റുന്നു. ജെഎസ്ഡബ്ല്യു സെന്റര്‍ ഫോര്‍ ദ ഫ്യൂച്ചര്‍ ഓഫ് ലോ എന്എല്എസ്ഐയുവിനെ ഈ കണ്ടുപിടുത്തങ്ങളുടെ മുന്‍നിരയില്‍ നിര്‍ത്തും. ഇത് ഭാവിയിലെ നിയമ പ്രൊഫഷണലുകള്‍ ഈ സാങ്കേതികവിദ്യകളുമായി ഇടപഴകാനും നിയന്ത്രിക്കാനും തയ്യാറാണെന്ന് ഉറപ്പാക്കുന്നു.
എന്എല്എസ്ഐയുമായുള്ള പങ്കാളിത്തം ഭാവിയിലെ നേതാക്കളെ ശാക്തീകരിക്കുന്ന ലോകോത്തര വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ജെഎസ്ഡബ്ല്യുവിന്റെ പ്രതിബദ്ധതയാണെന്ന് ജെഎസ്ഡബ്ല്യു സിമന്റിന്റെയും ജെഎസ്ഡബ്ല്യു പെയിന്റ്സിന്റെയും മാനേജിങ് ഡയറക്ടര്‍ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.
ഈ സഹകരണത്തോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പും എന്എല്എസ്ഐയുവും സംയുക്തമായി ഇന്ത്യയിലെ നിയമവിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. ഇത് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള തൊഴിലിന്റെ മാറ്റത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമാണ്.