ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് മേല്‍ നിയമനടപടികള്‍ക്ക് ഒരുങ്ങാതെ സര്‍ക്കാര്‍ നല്കുന്ന ന്യായങ്ങളില്‍, V4 കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാൻ നല്കുന്ന പ്രസ്താവന ;
ഇരയാക്കപ്പെട്ട സ്ത്രീകളാരും പോലീസിന് മൊഴി നല്‍കില്ല എന്ന് പിണറായി വിജയന് കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് ഉറപ്പ് വരുത്തി.
ജസ്റ്റിസ് ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്കിയ ഏതെങ്കിലും സ്ത്രീയുടെ പരാതി ലഭിച്ചാല്‍ മാത്രമേ പോലീസ് കേസ് എടുക്കുകയുള്ളു എന്ന പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പത്ര പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി പറയുന്നത്. പൊലീസിന് FIR രജിസ്റ്റര്‍ ചെയ്യാന്‍ ഇരയാക്കപ്പെട്ട സ്ത്രീയുടെ പരാതി ആവശ്യമില്ല.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാം. ഇരയുടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയാല്‍ മതി. കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇരയാക്കപ്പെട്ട സ്ത്രീയെ സാക്ഷിയാക്കണം. ഇതാണ് രാജ്യത്തെ നിയമം. അന്വേഷണത്തില്‍, ഇരയാക്കപ്പെട്ട സ്ത്രീ മൊഴി നല്കാന് തയ്യാറായില്ല, അവര്‍ക്ക് പരാതി ഇല്ല എങ്കില്‍, ലഭിച്ച വിവരം തെറ്റെന്ന് രേഖപ്പെടുത്തി പൊലീസിന് അവസാനിപ്പിക്കാം.
ഇവിടെ ജസ്റ്റിസ് ഹേമ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ട് ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ മുന്പില് വര്‍ഷങ്ങളായി ഉള്ളത്. പുറത്ത് വന്ന ഭാഗികമായ റിപ്പോര്‍ട്ട് കൂടാതെ ആ റിപ്പോര്‍ട്ടില്‍ തന്നെ പേരുകളും മറ്റ് വിവരങ്ങളും ഉണ്ട് എന്ന് പറയപ്പെടുന്നു. റിപ്പോര്‍ട്ട് കൂടാതെ തെളിവുകള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിന് നല്‍കിയതായും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ പൊലീസിന് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാനുള്ള വിശ്വസനീയമായതും ആധികാരികമായതുമായ വിവരങ്ങള്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്.
ഇത് പോലീസിന് കൈമാറുകയും പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ പിണറായി വിജയനും എല്‍.ഡി.എഫ്. സര്‍ക്കാരും ഈ വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ട് ചിലരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പത്രപ്രസ്താവനകളിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്നാണ് മനസിലാവുന്നത്.
കഴിഞ്ഞ നാലര വര്‍ഷക്കാലം ഈ റിപ്പോര്‍ട്ടിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കേസ് എടുക്കാതെ കുറ്റവാളികളെ സംരക്ഷിക്കന്‍ ഇരകളാക്കപ്പെട്ട സ്ത്രീകളെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ ആക്കുകയായിരുന്നു എന്നുവേണം കരുതാന്‍. അന്വേഷണം ഉണ്ടായാല്‍ ഇരയാക്കപ്പെട്ട സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കില്ല എന്ന് ഉറപ്പ് വരുത്തിയിട്ടാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഈ ഉറപ്പിലാണ് ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്കിയ ഏതെങ്കിലും സ്ത്രീയുടെ പരാതി ലഭിച്ചാല്‍ മാത്രമേ പോലീസ് കേസ് എടുക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. കുറ്റക്കാരായ വമ്പന്മാരുമായി സി.പി.ഐ.(എം) ഡീലുകള്‍ ഉറപ്പിക്കുകയും ചെയ്ത് കാണും.
യൂട്യൂബര്‍ ‘ചെകുത്താന്’ -നെതിരെ നടന് മോഹന്‍ലാലിലെ അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ സംസ്ഥാന പോലീസ് കേസ് എടുത്തത് മോഹന്‍ലാലിന്റെ പരാതിയില്‍ അല്ല. മറിച്ച് നടന് സിദ്ദിഖ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ‘ചെകുത്താന്’ -നെതിരെ എടുത്ത വകുപ്പുകള്‍ ഒന്നും തന്നെ നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം.
അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ അന്യായമായി തടവില്‍ വെച്ച് ഭീക്ഷണിപ്പെടുത്തി എന്നാണ് മനസിലാവുന്നത്. അവസരത്തിന് അനുസരിച്ച് സര്‍ക്കാരും പോലീസും നിയമത്തെ സൗകര്യത്തിന് വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു.