അനീഷ എം എ: സബ് എഡിറ്റർ
സോള്‍: പട്ടാള നിയമം പിന്‍വലിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍. ഇന്നലെ രാത്രി പ്രഖ്യാപിച്ച പട്ടാളനിയമം ജനങ്ങളുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നേരം പുലരും മുന്‍പേ പിന്‍വലിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പട്ടാള നിയമം പിന്‍വലിക്കാന്‍ സുക് യോള്‍ നിര്‍ബന്ധിതനായത്.
യൂന്‍ സോകിന്റെ അഴിമതി ഭരണത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് പോലും രാജി ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കഴിഞ്ഞ ദിവസം രാത്രിയാണ് ദക്ഷിണ കൊറിയയില്‍ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂന്‍ സുക് യോള്‍ രംഗത്തെത്തിയത്.
അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്സിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയാണ് അടിയന്തര പട്ടാളഭരണം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളില്‍ നിന്നും രക്ഷിക്കാന്‍ നീക്കം അനിവാര്യമാണെന്നാണ് യൂന്‍ സുക് യോള്‍ പറഞ്ഞത്.
പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ ജനരോഷമാണ് തലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറിയത്. സൈന്യം പാര്‍ലമെന്റ് വളയുകയും നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരകൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും യൂന്‍ ആരോപിച്ചിരുന്നു.