ബാങ്കോക്ക് : മ്യാന്മറില് ഭൂകമ്പ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചൈനീസ് റെഡ് ക്രോസ് സംഘത്തിനു നേരെ സൈന്യം വെടിവച്ചതായി വിമത സംഘടന ‘ത്രീ ബ്രദര്‍ഹുഡ് അലയന്‍സ്’ കലാപ മേഖലയിലേക്കു രക്ഷാപ്രവര്‍ത്തനത്തിനു പോകുന്ന വിവരം റെഡ് ക്രോസ് സംഘം അറിയിച്ചിരുന്നില്ലെന്നും പരിശോധനയ്ക്കു സഹകരിക്കാതെ കടന്നുപോയ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവച്ചുവെന്നുമാണ് സൈനിക ഭരണകൂടത്തിന്റെ സ്ഥിരീകരണം.
ദുരിതാശ്വാസ സാമഗ്രികളുമായി മാന്‍ഡലെ പ്രദേശത്തേക്കു പോയ 9 വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണ്.
ആഭ്യന്തരയുദ്ധം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ഭരണകൂടവും പ്രതിപക്ഷ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. 2021 ല്‍ നൊബേല്‍ ജേതാവ് ഓങ് സാന്‍ സൂ ചിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച സൈനികഭരണകൂടത്തിനെതിരെ ആഭ്യന്തര കലാപം രൂക്ഷമാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മ്യാന്മറിലും തായ്ലന്‍ഡിന്റെ ചിലഭാഗങ്ങളിലും ഭൂകമ്പമുണ്ടായത്. കൂറ്റന്‍ കെട്ടിടങ്ങളടക്കം തകര്‍ന്ന് റോഡ്, റെയില്‍ ഗതാഗത സൗകര്യങ്ങളും തകര്‍ന്നിരുന്നു.കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനാളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. ഇതുവരെ 2886 മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഇന്ത്യയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും മ്യാന്മറിലുണ്ട്.