മലപ്പുറം: കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്ബലം സാന്തനം വീട്ടില്‍ പരേതനായ മുരളിധരന്റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്.
കുറുവൻപുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്കുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു.
വനം വകുപ്പ് വാച്ചർമാർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരുടെയും നിലമ്പൂരില്‍ നിന്നെത്തിയ അഗ്നി രക്ഷ സേനയുടെയും എമർജൻസി റെസ്ക്യൂ ഫോഴ്സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വെള്ളത്തിനടിയിലെ പാറക്കിടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയില്‍.