മലപ്പുറം : എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് എംപി പി വി അബ്ദുൾ വഹാബ്. തന്റെ 2016ൽ ഫേസ്ബുക്ക് പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പി വി അബ്ദുൾ വഹാബിന്റെ പ്രതികരണം. മലപ്പുറം പാക്കിസ്ഥാനാണെന്ന് പറയുന്ന എല്ലാവരും ഇങ്ങോട്ടൊന്നു വരണം. എന്റെ വക ഒരു സുലൈമാനീം കുടിച്ച് ഈ നാടും കണ്ട് നാട്ടാരേം കണ്ട് തിരിച്ചു പോകുമ്പം തീരുന്ന പ്രശ്നേയുള്ളു എന്നാണ് പോസ്റ്റിൽ പറയുന്നത്.
കേരളമിന്ന് വികസന സൂചികയില്‍ ലോകത്തെ മികച്ച രാജ്യങ്ങള്‍ക്ക് ഒപ്പം നില്ക്കുന്നുണ്ടെങ്കില് മരുഭൂമിയില്‍ മലപ്പുറംകാരൊഴുക്കിയ വിയര്‍പ്പിന്റെ വിലകൂടിയാണിത്. പിന്നെ മുസ്ലിങ്ങള്‍ മാത്രം വോട്ട് ചെയ്തല്ല ഇവിടെ നിന്ന് എം എല്‍ എമാര്‍ ഉണ്ടാകുന്നത്. ഹിന്ദുക്കളും, കൃസ്ത്യാനികളും എല്ലാം സ്നേഹത്തോടെ തന്നെയാണ് വോട്ട് ചെയ്യുന്നത്. മുസ്ലിമുകള്ക്ക് മാത്രമായി ഇവിടെ എം എല്‍ എമാരില്ല എന്നും ഫേസ്ബുക്പോസ്റ്റിൽ എംപി വ്യക്തമാക്കിയിരുന്നു . മലപ്പുറത്തേക്ക് വാ ഒരു സുലൈമാനി കുടിച്ചാല്‍ തീരാനുള്ള കാര്യള്ളൂ എന്ന തലക്കെട്ടോടു കൂടിയായിരുന്നു അബ്ദുൾ വഹാബ് പോസ്റ്റ് തുടങ്ങിയിരുന്നത്.