തിരുവനന്തപുരം: മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതും, പുഛിക്കുന്നതും തുടരുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കൽ , മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണിയുടെ സ്വരത്തിൽ ആക്രോശിക്കൽ , മാധ്യമ പ്രവർത്തകരെ വിരട്ടാൻ ശ്രമിക്കൽ തുടങ്ങിയ കോമാളിത്തങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാൻ തയ്യാറാകണം എന്നും ഇനിയും തരം താഴരുതെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
സിനിമയിലെ ആക്ഷൻ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകർച്ച നടത്തുകയാണ് എന്നും വാർത്താകുറിപ്പിൽ സംഘടന വ്യക്തമാക്കുന്നു . കൈരളി ടിവിക്കു നേരെ സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്.
ജനങ്ങളാണ് എല്ലാറ്റിനും മുകളിലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ആ ജനങ്ങളുടെ കണ്ണും കാതുമായ മാധ്യമങ്ങളെ അവഹേളിക്കുന്നത് ജനത്തോടുള്ള വെല്ലുവിളി തന്നെയാണ്. ഇത്തരം സംസ്കാര ശൂന്യമായ വാചക കാസറത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്തമുള്ള കേന്ദ്ര മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാനും സംസാരിക്കാനും ഇനിയെങ്കിലും സുരേഷ് ഗോപി തയ്യാറാകണം എന്നും വാർത്താകുറിപ്പിൽ പറയുന്നു.