തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഇ പ്രൊവിഷണല്‍ കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ ഐ.ഐ.ടി യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുറമുഖ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വച്ച് ചെന്നൈ ഐ.ഐ.ടി ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗം ടീം ലീഡര്‍ ആര് കറുപ്പയ്യ സര്‍ട്ടിഫിക്ക് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന് കൈമാറി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്സ്യല്‍ ഓപ്പറേഷണൽ തുറമുഖമായി പ്രഖ്യാപിച്ചത്.
കേരളത്തിന്റെ സ്വപ്നമാണ് അതിന്റെ പ്രവര്‍ത്തിപഥത്തില്‍ എത്തിയിരിക്കുന്നതെന്നും, സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഒന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കരാര്‍ അനുസരിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവർത്തി പൂർത്തീകരിക്കേണ്ടത്. അത് യാഥാര്‍ത്ഥ്യമായി.
ജൂലായില്‍ തുടങ്ങി നവംബര്‍ വരെ നീണ്ട ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ വിഴിഞ്ഞം ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ചതായി മന്ത്രി പറഞ്ഞു. ട്രയല്‍ റണ്‍ സമയത്ത് ലോകത്തിലെ തന്നെ വലിയ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 70 ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി. ഇവയില്‍ നിന്നും 1.47ലക്ഷം ടി . ഇ യു. ഇവിടെ കൈകാര്യം ചെയ്തു. കഴിഞ്ഞ ആഴ്ചയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ കരാര്‍ ഒപ്പിട്ടത്. നിർമ്മാണത്തിൻ്റെ അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് തുറമുഖത്തിന്റെ പൂര്‍ണ്ണതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . ഒന്നാം ഘട്ടം പൂര്‍ണ്ണ സജ്ജമായതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഗണ്യമായ മാറ്റത്തിന് വഴി തുറക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിന്റെ കമ്മീഷനിംഗ് ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് നടത്തുമെന്നും, ഏറ്റവും അടുത്തു തന്നെ തുറമുഖം നാടിന് സമര്പ്പിക്കാന്കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. വയബിലിറ്റി ഗ്യാപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് നിരാശാജനകമാണ്. കേരളത്തിനോട് കാണിക്കുന്ന വിവേചനമായിട്ടേ കാണാനാവൂ, എന്നാല്‍ അതിന്റെ പേരില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാവില്ല. സംസ്ഥാനം നല്കിയ കത്തിന് കേന്ദ്രധനമന്ത്രിയുടെ മറുപടി അനുകൂലമല്ല, പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധില്‍ എത്തിക്കും. നമ്മുടെ അവകാശമാണ് നമ്മള് ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ, സി ഇ ഒ ശ്രീകുമാർ കെ നായർ, അദാനി വിഴിഞ്ഞം പോർട്ട് സി ഇ ഒ പ്രദീപ് ജയരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.