ന്യൂഡൽഹി : 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതായി മുതിർന്ന കോൺഗ്രസ് നേതാവും നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് പറഞ്ഞു.
പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ സുപ്രധാന നിയമം ഭേദഗതി ചെയ്തതായും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ഇലക്ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക് രേഖകളിലേക്കുള്ള പൊതു പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തതിനെ തുടർന്നാണ് കോൺഗ്രസ് രംഗത്ത് എത്തിയത്. സ്വതന്ത്രവും നീതിയുക്തവുമായി പെരുമാറേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയ നിലപാടാണ് എടുത്തതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.