കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം ട്വിസ്റ്റുകൾ നടക്കുന്നത് പാലക്കാട് മണ്ഡലത്തിലാണ്. വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സാക്ഷാൽ പ്രിയങ്ക ഗാന്ധി തന്നെ മത്സരത്തിന് ഇറങ്ങുമ്പോഴും അതിനേക്കാൾ ഏറെ ചർച്ചകളിൽ ഇടം നേടുന്നത് പാലക്കാട് നിയോജകമണ്ഡലമാണ്. എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വടകരയുടെ എംപിയായി മാറുകയും ചെയ്തതോടെ വന്ന ഒഴിവിലേക്കാണ് മത്സരം നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ കോൺഗ്രസിന് പിന്നീട് നേരിടേണ്ടിവന്നത് ഒട്ടേറെ പ്രതിസന്ധികളാണ്. തൊട്ടുമുമ്പു വരെ കോൺഗ്രസിന്റെ നാവായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പി സരിൻ ഇടതുപാളയത്തിലേക്ക് എത്തുകയും അപ്രതീക്ഷിതമായി ഇടത് സ്വതന്ത്ര സ്ഥാനാർഥി ആവുകയും ചെയ്തു. വെറുതെ അങ്ങ് സ്ഥാനാർത്ഥിയാക്കുക മാത്രമല്ല സരിൻ ചെയ്തത്. വി ഡി സതീഷനെയും ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും കടന്നാക്രമിക്കുകയും ചെയ്തുകൊണ്ടാണ് സരിൻ മറുപക്ഷത്തേക്ക് പോയത്. അതും സതീശൻ സംഘപരിവാർ ബാന്ധവത്തിന് കൂട്ടുനിൽക്കുന്നുവെന്ന അസ്ഥാനത്ത് കൊള്ളുന്ന ആരോപണവും. ശരിക്കും പറഞ്ഞാൽ സരിൻ എന്ന സ്ഥാനാർത്ഥിയെ അല്ല, ഉയർത്തിക്കാട്ടിയ ആരോപണങ്ങളോടാണ് സിപിഎമ്മിന് പ്രേമം തോന്നിയതും സ്ഥാനാർത്ഥ്യത്വത്തിലേക്ക് വഴിവെച്ചതും. കോൺഗ്രസും യുഡിഎഫും അതുവരെയും പ്രതീക്ഷിക്കാത്ത ഒരു സ്ഥാനാർത്ഥിയായിരുന്നു സരിൻ. മൂന്നാം സ്ഥാനത്തുള്ള സിപിഎമ്മിന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള തുറുപ്പ് ചീട്ടായി സരിൻ മാറുമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. ബിജെപി തങ്ങളുടെ കോട്ടയിൽ അനായാസം വിജയിക്കുമെന്ന് കരുതുന്നു. പാലക്കാട്ടുകാരൻ തന്നെയായ സി കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ഏക മുൻസിപ്പാലിറ്റിയായ പാലക്കാട് ഭരിക്കുന്നത് ബിജെപിയാണ്.മാത്രവുമല്ല കൃത്യമായ സംഘടനാ സംവിധാനവും ബിജെപിക്ക് അവിടെയുണ്ട്. അതെല്ലാം ക്രിയാത്മകമായി പ്രവർത്തിച്ചാൽ ബിജെപിയുടെ വിജയം സുഖകരമാകുമെന്നും നേതൃത്വം കരുതുന്നു. എൽഡിഎഫിനുള്ളിൽ സരിനെ അംഗീകരിക്കുവാൻ മനസ്സില്ലാത്ത ഇടതുപക്ഷ ചിന്താഗതിക്കാർ ഉണ്ടെന്നതുപോലെ തന്നെ ബിജെപിക്ക് ഇടയിലും ചില വിഭാഗീയതകൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ എല്ലാവരും ഇണങ്ങി മുന്നോട്ടു പോകുന്നെങ്കിലും വിഭാഗീയത കോൺഗ്രസിനുള്ളിലും അണയാതെ നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതു പാർട്ടിയിലും ഏതു മുന്നണിയിലും അടിയൊഴുക്കുകൾ ഉണ്ടായേക്കാം. പി വി അൻവറിന്റെ സ്ഥാനാർത്ഥിയെയും വിലകുറച്ച് കാണേണ്ടതില്ല. അതിനർത്ഥം അദ്ദേഹം വിജയിക്കുമെന്നല്ല. അദ്ദേഹം പിടിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ ഏതെങ്കിലും ഒരു മുന്നണിക്ക് ക്ഷീണം സൃഷ്ടിക്കും എന്നതാണ് പറഞ്ഞ് വെക്കുന്നത്. ഏതായാലും യുഡിഎഫ് ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് കുറച്ചു മുൻപിലാണ്. എൽഡിഎഫ് ആകട്ടെ റോഡ് ഷോയിലേക്ക് കടക്കുന്നതേയുള്ളൂ. ബിജെപി വൈകിയാണ് സ്ഥാനാർഥിയെ കണ്ടെത്തിയത് പോലും. ശാന്തമായി തുടങ്ങുകയും എന്നാൽ ട്വിസ്റ്റോടെ ട്വിസ്റ്റുമായി മുന്നോട്ടുപോകുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്നും ഇനിയും ഒട്ടേറെ പൊട്ടിത്തെറികളും രാഷ്ട്രീയ കരുനീക്കങ്ങളും നമുക്ക് കാത്തിരുന്നു കാണാം.