നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെങ്കിലും എല്ലാ മുന്നണികളും തെരഞ്ഞെടുപ്പിന്റെ ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. ഇടത് സ്വതന്ത്രനായിരുന്ന പി വി അൻവർ രാജി വെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഏപ്രിൽ മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. ഒരു മണ്ഡലത്തിൽ ഒഴിവ് വന്നാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചട്ടം പരിഗണിച്ചാൽ ജൂലൈ 13 നകം നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
എന്നാൽ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിലമ്പൂർ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഏകോപന ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എപി അനിൽകുമാറിനാണ്. അനിൽകുമാറിനെ കൂടാതെ കെപിസിസി നിയോഗിച്ച ചുമതലക്കാർ ഏപ്രിൽ അഞ്ചിന് നിലമ്പൂരിൽ വിപുലമായ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ മുതൽ മുകളിലേക്കുള്ള എല്ലാ ഭാരവാഹികളും പങ്കെടുക്കും. പഞ്ചായത്തുകളുടെ ചുമതലയും പ്രധാനപ്പെട്ട നേതാക്കൾക്ക് നൽകാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുതിർന്ന നേതാക്കൾ ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്. കോൺഗ്രസിലെ സ്ഥാനാർഥിനിർണയത്തിനായി എഐസിസി നിയോഗിച്ച സംഘവും ഏജൻസിയും മണ്ഡലത്തിൽ സർവ്വേ നടത്തുന്നുണ്ട്.
ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകൾ ആണ് കോൺഗ്രസിൽ ഉയർന്നു കേൾക്കുന്നത്. ജോയിയും ഷൗക്കത്തും നിലമ്പൂർ മണ്ഡലത്തിൽ തന്നെ ഉള്ളവരാണ്. 2021 മുതൽ മലപ്പുറം ഡിസിസി പ്രസിഡണ്ടായി തുടരുന്ന നിലമ്പൂരിൽ നിന്നുള്ള യുവ നേതാവാണ് വിഎസ് ജോയ്. 2012 മുതൽ 2017 വരെ കെഎസ്യു സംസ്ഥാന പ്രസിഡണ്ട്, 2017 യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, 2020- 2021 കാലയളവിൽ കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വിഎസ് ജോയ്ക്ക് പ്രവർത്തി പരിചയമുണ്ട്.
2015 കെപിസിസിയിൽ അംഗമായ ജോയ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന വിഎസ് അച്യുതാനത്തിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിലെ പ്രചാരണസമിതി കൺവീനറായും 2020ൽ കെപിസിസി ജനറൽ സെക്രട്ടറിയായും തുടർന്ന് 2021 മുതൽ മലപ്പുറം ഡിസിസി പ്രസിഡന്റായും പ്രവർത്തിക്കുകയാണ്.
അതേസമയം മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തും നിലമ്പൂർ സീറ്റിൽ മത്സരിക്കാൻ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ്. 2016 ൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും പി വി അൻവറിനോട് മത്സരിച്ചാണ് ആര്യടൻ ഷൗക്കത്ത് പരാജയപ്പെട്ടത്.
എന്നാൽ ഇടതുപക്ഷ പാളയം വിട്ട അൻവർ കോൺഗ്രസുമായി പ്രതിഷേധത്തിൽ അല്ലാത്തതുകൊണ്ട് തന്നെ കോൺഗ്രസിന് മണ്ഡലത്തിൽ വിജയിക്കുവാൻ സാധ്യതകൾ ഏറെയാണ്. പക്ഷേ അൻവർ മുന്നോട്ടുവച്ച സ്ഥാനാർത്ഥിയായ വിഎസ് ജോയിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചാൽ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിന് പുറത്തുപോയി സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകൾ ഏറെയാണ്. മാത്രവുമല്ല മലപ്പുറം ഡിസിസിയിൽ ഭൂരിപക്ഷ നേതാക്കളും ആര്യാടൻ ഷൗക്കത്തിനൊപ്പമാണ്. ഷൗക്കത്ത് കോൺഗ്രസുമായി അകൽച്ചയിൽ ആയാൽ അത് പാർട്ടിക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല.
ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിൽ മത്സരിച്ച് വിജയിച്ച ചരിത്രം ആര്യാടൻ മുഹമ്മദിന് ഉള്ളതുകൊണ്ടുതന്നെ സീറ്റ് നിഷേധിച്ചാൽ ആര്യാടൻ ഷൗക്കത്ത് ആ വഴിക്ക് ചിന്തിക്കില്ല എന്ന് കരുതാനും കഴിയില്ല. എന്നാൽ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് വിട്ടാൽ അത് ഗുണം ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്.
അൻവറിനെ പ്രീതിപ്പെടുത്താൻ പോകുമ്പോൾ ആര്യാടൻ ഷൗക്കത്തിനെ പിണക്കേണ്ടി വരും. ഇനി ആരാടൻ ഷൗക്കത്തിന്റെ കൂടെ നിർത്തിയാൽ വിഎസ് ജോയിക്കും അൻവറിനും അഭിപ്രായഭിന്നത ഉണ്ടായേക്കാം. ചുരുക്കിപ്പറഞ്ഞാൽ നിലമ്പൂരിൽ കോൺഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. കൃത്യമായ നിരീക്ഷണത്തോടെ സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് ഗുണം ചെയ്യുമെങ്കിലും ഇരുകക്ഷികളും എങ്ങനെ പ്രതികരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.