സംസ്ഥാനത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ജവഹർലാൽ നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചവരിൽ നെഹ്റുവിൻ്റെ വസതിയിലുണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രി ടിടി കെ കൃഷ്ണമാചാരിയുമുണ്ടായിരുന്നു. ഇടക്കാല പ്രധാനമന്ത്രിയുടെ ചുമതലയെങ്കിലും തന്നെ തേടിയെത്തുമെന്ന ടിടികെ യുടെ വിശ്വാസത്തെ തകർത്തത് അന്നത്തെ കോൺഗ്രസ്സ് അധ്യക്ഷനായിരുന്ന കാമരാജിൻ്റെ തന്ത്രങ്ങളായിരുന്നു. അന്ന് ദേശീയ തലത്തിലുണ്ടായ ആ അസാധരണമായ പുകച്ചിൽ സംസ്ഥാന കോൺഗ്രസ്സിലും ഏതാണ്ട് പടർന്ന് തുടങ്ങിയിട്ടുണ്ട്. സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും അതിനെ ഭരണ മാറ്റത്തിലേക്ക് നയിക്കുന്നതിനുള്ള സംവിധാനം യുഡിഎഫിന് ഉണ്ടോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഡിഎഫിനുള്ളിലെ പ്രധാന പാർട്ടിയായ കോൺഗ്രസിനുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും സംഘർഷങ്ങളുമാണ് എല്ലാവരിലും അത്തരമൊരു ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
കോൺഗ്രസിനുള്ളിൽ തർക്കങ്ങളും പൊട്ടിത്തെറികളും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു. എന്നിരുന്നാലും അന്നൊക്കെ കോൺഗ്രസിന് അധികാരത്തിൽ എത്തുന്നതിന് അതൊന്നും തടസ്സമായിരുന്നില്ല. നേതാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിയെ ജനങ്ങൾ ഏറ്റെടുക്കുകയും അധികാരത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ ആൾക്കൂട്ടത്തിന്റെ പിന്തുണ കോൺഗ്രസിന് ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ആൾക്കൂട്ടങ്ങൾ എവിടെയും ഇല്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുമ്പോൾ പണിയെടുക്കാതെ കോൺഗ്രസ് വിജയിക്കുകയെന്നത് എളുപ്പമല്ല. കൂട്ടത്തിൽ ആരാണ് മികച്ചത്, ആരാകും മുഖ്യമന്ത്രിയാകുക തുടങ്ങിയ തർക്കങ്ങളാണ് കോൺഗ്രസിനുള്ളിൽ ഇന്നുള്ളത്.
മുഖ്യമന്ത്രി ആകുവാൻ രമേശ് ചെന്നിത്തലയും വി ഡി സതീശനും കുപ്പായം തയ്ച്ചു നിൽക്കുകയാണ്. സർക്കാരിനെതിരായ ജനവികാരം വളർത്തി വലുതാക്കുന്നതിലും ചർച്ചയ്ക്ക് വയ്ക്കുന്നതിലും പ്രതിപക്ഷം പാളിപ്പോകുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ യുഡിഎഫ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും വലിയതോതിലുള്ള തർക്കങ്ങൾ ആയിരുന്നു ഉടലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ യോഗത്തില്‍ കടുത്ത വിമര്‍ശമുണ്ടായി. പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം.
എപി അനില്‍കുമാറും ശൂരനാട് രാജശേഖരനുമാണ് പ്രധാനമായി വിമര്‍ശമുന്നയിച്ചത്. ഒരു ഘട്ടത്തില്‍ സതീശനും അനില്‍കുമാറും പരസ്പരം കൊമ്പുകോര്‍ക്കുന്ന സ്ഥിതവരെയുണ്ടായി. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന പരാതിയും യോഗലുണ്ടായി. സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പോലും പറയേണ്ടി വന്നിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന് പറഞ്ഞിരുന്നു. യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ പറഞ്ഞു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയത്.
തുടർച്ചയായി കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തുതന്നെയാണ്. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരത്തിൽ എത്തുകയെന്നത് അങ്ങേയറ്റം നിർണായകവുമാണ്. പ്രധാനമായും പ്രതിപക്ഷനേതാവും പാർട്ടിയും രണ്ട് തട്ടിലാണ്. പ്രതിപക്ഷ നേതാവ് തന്നിഷ്ടപ്രകാരം കാര്യങ്ങൾ നീക്കുന്നുവെന്ന വിമർശനമാണ് നേതൃത്വത്തിൽ പലർക്കും ഉള്ളത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അത്ര രസത്തിലല്ല. ഇരുവർക്കും ഇടയിലെ തർക്കം പലയാവർത്തി പുറംലോകത്തേക്ക് എത്തിയിട്ടുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം നിൽക്കുമ്പോൾ കോൺഗ്രസിന് അത് അതിജീവനത്തിന്റെ കൂടി പോരാട്ടമാണ്. ഏതു വിധേനയും അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ അത് കോൺഗ്രസിന് നൽകുക കനത്ത പ്രഹരമാകും.
അതുകൊണ്ട് തന്നെ എങ്ങനെയും അധികാരത്തിൽ എത്തുവാനുള്ള പരിശ്രമങ്ങൾ കോൺഗ്രസ് തലപുകഞ്ഞു ആലോചിക്കുകയാണ്. കേരളത്തിനായി പ്രത്യേക ആക്ഷൻ പ്ലാൻ പോലും തയ്യാറാക്കിയതായാണ് ലഭിക്കുന്ന വിവരം. സർക്കാരിനെതിരെ ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ അധികാര തർക്കം വീണ്ടും തുടർ ഭരണത്തിന് വഴിയൊരുക്കുവാനാണ് സാധ്യത. വിലക്കയറ്റവും ക്ഷേമ പദ്ധതികളുടെ അഭാവവും സർക്കാരിനെതിരെ വലിയ തോതിലുള്ള ജന വികാരം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. കോടതികൾ പോലും സർക്കാരിനെ വലിയതോതിൽ പല ഘട്ടങ്ങളിലും വിമർശിച്ചിട്ടുണ്ട്. സിപിഎം സമ്മേളനങ്ങൾ പോലും സർക്കാരിനെതിരെ മോശം വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. സിപിഎം അണികളും കടുത്ത നിരാശയിൽ തന്നെയാണ്. എന്നാൽ സാഹചര്യം ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കി നിൽക്കുമ്പോൾ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും അധികാരത്തിനു വേണ്ടിയുള്ള യുദ്ധങ്ങളും വീണ്ടും ഇടതിന്റെ തുടർ ഭരണത്തിന് കളമൊരുക്കുകയാണ്.
വരുന്ന തദ്ദേശസ്വയംഭരണ നിയമസഭാ തിരഞ്ഞെടുപ്പുകളെ ഗ്രൂപ്പുകളുടെ കരുത്ത് തെളിയിക്കാനുള്ള അവസരങ്ങൾ കൂടിയായിട്ടാണ് എല്ലാവരും നോക്കി കാണുന്നത്. തെരഞ്ഞെടുപ്പിന് ഒന്നര വർഷം ബാക്കി നിൽക്കെ ഇതാണ് യുഡിഎഫിലെ സ്ഥിതിയെങ്കിൽ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോഴും സീറ്റ് നിർണ്ണയത്തിലും എന്താകുമെന്നാണ് ഭരണ മാറ്റം ആഗ്രഹിക്കുന്നവരെല്ലാം ആശങ്കപ്പെടുന്നത്.അതേപോലെ, മുതിർന്ന നേതാക്കൾ ഇത്തവണയും പഴയ കുപ്പിയും പുതിയ വീഞ്ഞുമായിറങ്ങിയാൽ അത് പാർട്ടിക്ക് പിന്നെയും നാണക്കേടുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല.