തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ യുവജന സംഘടനയായ യൂത്ത്കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ കോർ കമ്മറ്റികളിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളെ തഴയുന്നുവെന്നാണ് വിമർശനം. ചെറുപ്പക്കാർക്ക് പാർട്ടിനേതൃത്വത്തിലും പാർലമെന്ററിരംഗത്തും അവസരം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെ കണ്ടുപഠിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തോട് യുവ നേതാക്കൾ പറഞ്ഞുവെക്കുന്നത്. സമരംചെയ്യാനുള്ള ഉപകരണമായി മാത്രമാണ് യുവാക്കളെ നേതൃത്വം കണക്കാക്കുന്നത്.
കോർകമ്മിറ്റികളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾക്കും ജില്ലാ പ്രസിഡന്റുമാർക്കുംപോലും അവസരം നൽകിയില്ല. ചില കോർകമ്മിറ്റികൾ വൃദ്ധസദനംപോലെയാണ്. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോർകമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. അബിൻ വർക്കി, ഒ.ജെ.ജെനീഷ് തുടങ്ങിയ നേതാക്കളെല്ലാം നേതൃത്വത്തിന്റെ അവഗണനയ്ക്കെതിരേ ആഞ്ഞടിച്ചു. യൂത്ത് കോൺഗ്രസിനോടുള്ള പാർട്ടി അവഗണനയ്ക്കെതിരായ ചർച്ച മിനിറ്റ്സിൽ രേഖപ്പെടുത്തി. അടുത്തദിവസംതന്നെ കെപിസിസി പ്രസിഡന്റിന് കത്തുനൽകാനും തീരുമാനിച്ചു. നിയോജകമണ്ഡലം കോർകമ്മിറ്റികളിലെങ്കിലും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാന ഭാരവാഹികളെയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
കെപിസിസി പുനഃസംഘടനയിൽ യുവാക്കളെയും വനിതകളെയും ഉൾപ്പെടുത്തുമെന്ന് നേതൃത്വം ആവർത്തിച്ച് പറയുമ്പോഴും മുതിർന്ന നേതാക്കളുടെ ഇടി തന്നെയാണ് ലിസ്റ്റിലെന്നാണ് അറിയുന്നത്. അതേസമയം യുവാക്കളെ കൂടി പരിഗണിച്ചു മുന്നോട്ടു പോയില്ലെങ്കിൽ വരുന്ന തദ്ദേശസ്വയംഭരണ- നിയമസഭ തെരഞ്ഞെടുപ്പുകളിൽപണി പാളുമെന്ന് ചില നേതാക്കൾക്കെങ്കിലും അറിയാം. അതുകൊണ്ടുതന്നെ യൂത്ത്കോൺഗ്രസ് നേതാക്കളുടെ മുന്നേറ്റത്തിന് കോൺഗ്രസ് നേതാക്കളുടെയും മൗനസമ്മതം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.