സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കർമാരെ പരിഗണിക്കാന്‍ യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളും. ഔദ്യോഗികമായി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്ക്ക് കെപിസിസി സര്‍ക്കുലര്‍ നൽകാനാണ് തീരുമാനം.
കുറഞ്ഞത് 1000 രൂപയെങ്കിലും വർദ്ധനവ് ഉണ്ടാകും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ആയിരം രൂപ അധിക ഇന്‍സെന്റീവ് നൽകുമെന്ന് തീരുമാനമെടുത്തിരുന്നു. കൂടാതെ പത്തനംതിട്ടയിലെ ഒരു പഞ്ചായത്തും സമാനമായ നടപടി സ്വീകരിച്ചിരുന്നു. അതേസമയം, ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ആം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്.