ഒരുകാലത്ത് ഇടതുമുന്നണിയുടെ അഭിവാജ്യ ഘടകം ആയിരുന്നു സിപിഐ. സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലേക്ക് ഒട്ടേറെ പ്രമുഖരെ സംഭാവന ചെയ്ത രാഷ്ട്രീയ മുന്നേറ്റത്തിന്റെ പേരായിരുന്നു സിപിഐ എന്നത്. ആ സിപിഐയെ ചോരയും ചാറും ഊറ്റി നശിപ്പിച്ചു കളഞ്ഞിരിക്കുകയാണ് സിപിഎം. ഇടതുമുന്നണിയിൽ നിലവിൽ സിപിഎമ്മിന്റെ ആട്ടും തുപ്പും അനുഭവിച്ച് തുടരേണ്ട ഗതികേടിലാണ് സിപിഐ.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ സിപിഐയില്‍ സിപിഎം നയങ്ങള്‍ക്കെതിരെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ആഭ്യന്തരവകുപ്പിന് എതിരായ വിമര്‍ശനങ്ങളാണ് സിപിഐ നിരന്തരം ഉന്നയിച്ചുവന്നിരുന്നതെങ്കിലും, ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. എന്നാല്‍, സിപിഎമ്മുമായി നല്ല ബന്ധം സൂക്ഷിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് മുന്നില്‍ ഈ വിമര്‍ശനങ്ങള്‍ അപ്രസക്തമാകുകയായിരുന്നു.
വിമര്‍ശനങ്ങള്‍ മയപ്പെടുത്തി സിപിഎമ്മിനോട് കൂടുതല്‍ അടുത്തുനിന്നാല്‍, പാര്‍ലമെന്ററി പാര്‍ട്ടി രംഗത്ത് വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തോന്നല്‍ സിപിഐയിലെ പല ഉന്നത നേതാക്കള്‍ക്കുമുണ്ട്. പച്ചമലയാളത്തിൽ പറഞ്ഞാൽ ഒരുതരം അടിമത്വം. ഒരുകാലത്ത് ഏതു കാര്യത്തിലും നിലപാട് ഉണ്ടായിരുന്ന ബിനോയ് വിശ്വത്തിൻ്റെ നിലപാട് എന്നൊക്കെ വെച്ചാൽ ഇപ്പോൾ വെറും കോമഡിയാണ്. എന്നാൽ വിയോജിപ്പുകൾ തുറന്ന് പറയുന്ന ചില നേതാക്കൾ ഇപ്പോഴും സിപിഐയിൽ ഉണ്ട്.
സി ദിവാകരനും പന്ന്യൻ രവീന്ദ്രനും ഒക്കെ ആ കൂട്ടത്തിൽ ചിലരാണ്. വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കാതേയും തിരുത്തേണ്ടിടത്ത് തിരുത്താതേയുമിരുന്നാല്, ഇടതുമുന്നണി കൂടുതല്‍ ജനങ്ങളില്‍ നിന്നകലുമെന്ന് ഈ വിഭാഗം ശക്തമായി വാദിക്കുന്നു. എന്നാല്‍, ഇതിനെ ഗൗരവത്തിലെടുക്കാനോ, മുന്നണിയില്‍ ചര്‍ച്ച ചെയ്യാനോ ഈയിടെ സിപിഐ നേതൃത്വം തയാറായിരുന്നില്ല. അതിനെല്ലാം പിന്നിലുള്ളത് പാർലമെന്ററി മോഹങ്ങൾ മാത്രമാണ്. കാരണം സിപിഎമ്മിനോടൊപ്പം അല്ലാതെ നിലവിൽ കേരളത്തിൽ ഒരു സീറ്റിൽ പോലും സിപിഐക്ക് വിജയിക്കുവാൻ കഴിയില്ല. ഒരുകാലത്ത് കഴിയുമായിരുന്ന പാർട്ടിയെ ഈ വിധത്തിൽ ആക്കിയത് സിപിഎം ആണെന്നതിൽ തർക്കമില്ല.
സിപിഐയെ ഒതുക്കി എന്നതു മാത്രമല്ല യുവജന വിദ്യാർഥി സംഘടനകളെ അടിച്ചൊതുക്കിയും സിപിഎം കരുത്ത് കാട്ടാറുണ്ട്. ബ്രൂവറി വിഷയത്തിലും സ്വകാര്യ സർവകലാശാല വിഷയത്തിലും സിപിഐയും സിപിഎമ്മും രണ്ട് തട്ടിലാണ്. സിപിഐ മന്ത്രിമാർ കൂടി ഉൾപ്പെട്ട മന്ത്രിസഭ ആകട്ടെ സിപിഐ മന്ത്രിമാരുടെ അഭിപ്രായങ്ങൾക്ക് യാതൊരു പ്രസക്തിയും നൽകുന്നില്ല. ഇതോടെ ഏറെക്കുറെ നിരാശരും അതിലേറെ സമ്മർദ്ദത്തിൽ ആണ്ടുപോയവരുമായ സിപിഐ മുന്നണി മാറ്റത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്.
നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു. സിപിഐയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പല വിമര്‍ശനങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് മുന്‍പ് മാറിയിട്ടുണ്ട്. എന്നാല്‍, സിപിഎമ്മും സിപിഐയും തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതെല്ലാം പരിഹരിച്ചിട്ടുമുണ്ട്. സിപിഐ തങ്ങള്‍ക്കൊപ്പം വരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പലതവണ നിരാശരാവുകയും ചെയ്തിട്ടുണ്ട്.
ഇത്തവണയേയും ഈ വിമര്‍ശനങ്ങളെ പാര്‍ട്ടി യോഗങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ത്താന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ല.
2021 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് മുസ്ലിം ലീഗിനോട് വര്‍ധിച്ച അമിത വാത്സല്യം സിപിഐയെ ചൊടിപ്പിച്ചിരുന്നു. സിപിഐ വകുപ്പുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അമിതമായ ഇടപെടലുണ്ടെന്നും വകുപ്പുകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും സിപിഐയില്‍ വിമര്‍ശനങ്ങളുയരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐയില്‍ ഉറപ്പായും കടുത്ത വിമര്‍ശനങ്ങള്‍ ഉടലെടുക്കുമെന്ന തിരിച്ചറിവാണ്, രാജ്യസഭ സീറ്റില്‍ തര്‍ക്കങ്ങളില്ലാത്ത ഒത്തുതീര്‍പ്പിന് അന്ന് സിപിഎം തയാറായത്.
രാജ്യസഭ സീറ്റ് വെച്ചുനീട്ടിയതുകൊണ്ടുമാത്രം വിമര്‍ശനങ്ങള്‍ ഒടുങ്ങില്ലെന്നാണ് സിപിഐയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വിമർശനങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നത്. തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെ പോലൊരു ജനകീയ നേതാവ് തോറ്റതിന് പിന്നില്‍ സിപിഎമ്മിന്റെ പങ്ക് സിപിഐ എടുത്തു പറയുന്നുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും, തൃശൂര്‍ പൂരം നടത്തിപ്പ് അലങ്കോലമാക്കിയ പൊലീസ് നടപടിയും സിപിഎമ്മിന് എതിരായ വിമര്‍ശനമായി സിപിഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിപിഐ തങ്ങള്‍ക്കൊപ്പം വരുന്നത് കോണ്‍ഗ്രസിന് എന്നും ആനന്ദം നൽകുന്ന കാര്യമാണ്. കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ലഭിച്ച മുഖ്യമന്ത്രി സ്ഥാനം അയവിറക്കുന്നവര്‍ പാര്‍ട്ടിയില്‍ ഇന്നും സജീവമാണ്. നേതാക്കള്‍ സിപിഎമ്മിനൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോഴും ഭൂരിഭാഗം സിപിഐ പ്രവര്‍ത്തകരും അനുഭാവികളും കടുത്ത സിപിഎം വിരുദ്ധരോ, വിമര്‍ശകരോ ആണെന്നതും വസ്തുതയാണ്. പ്രാദേശികമായ വിഷയങ്ങള്‍ മുതല്‍ സര്‍ക്കാര്‍ നയങ്ങളോടുള്ള വിയോജിപ്പുവരെ ഈ വിരുദ്ധതയ്ക്ക് പിന്നിലുണ്ട്.
പിണറായി വിജയനോടും സിപിഎമ്മിനോടും എതിര്‍പ്പ് കൃത്യമായി രേഖപ്പെടുത്തുന്നൊരു പാര്‍ട്ടി നേതൃത്വത്തെയാണ് സിപിഐയിലെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ആരാധിക്കുന്നതും കൊണ്ടാടുന്നതും. നിർഭാഗ്യവശാൽ ഇന്നുള്ള സിപിഐ നേതൃത്വം ആകട്ടെ സിപിഎമ്മിന് മുൻപിൽ അടിമകളെ പോലെ നിലകൊള്ളുക മാത്രമാണ് ചെയ്യുന്നത്. സിപിഎമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയ വെളിയം ഭാര്‍ഗവന്റെ കാലവും പിണറായി വിജയനെ വിജയനെന്നുമാത്രം വിളിച്ചുപോന്നിരുന്ന സി കെ ചന്ദ്രപ്പന്റെ കാലവും സിപിഐക്കാര്ക്കിപ്പോഴും ആവേശമാണ്. അതുപോലെയുള്ള നേതാക്കൾ ഇനി ഉണ്ടാകുമോ എന്നതാണ് സിപിഐക്കാർ പോലും പരസ്പരം ചോദിക്കുന്ന ചോദ്യം.