രാജേഷ് തില്ലങ്കേരി
കേരളത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അസംതൃപ്തരുണ്ടോ എന്നന്വേഷിച്ചു നടക്കുകയാണ് സി പി ഐ എം നേതാക്കള്‍. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും നേതാക്കളെ ചാക്കിട്ടു പിടിച്ച് സ്ഥാനമാനങ്ങള്‍ നല്കി വലിയ വിപ്ലവം നടത്തുന്ന തിരിക്കിലാണിപ്പോള്‍ സി പി ഐ എം.
പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാത്തതിന്റെ പേരില്‍ കലഹിച്ചിറങ്ങിയ കോണ്‍ഗ്രസ് നേതാവായ ഡോ. സരിന് അങ്ങനെ നിമിഷനേരം കൊണ്ട് സി പി ഐ എം പക്ഷത്തെത്തി. അപ്പോള്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി ക്വാട്ടയില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസിന്റെ ഉന്നതനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ വി തോമസ് സി പി ഐ എം പാളയത്തില്‍ എത്തിയത്.
കോണ്‍ഗ്രസില്‍ നിന്നും എല്ലാം ലഭിച്ചതിന് ശേഷം ഇനിയവിടെ കോണ്‍ഗ്രസ് ഓഫീസിന്റെ താഴ് മാത്രം അവശേഷിച്ചപ്പോഴാണ് കെ വി തോമസ് നേതൃത്വത്തോട് കലഹിച്ച് പുറത്തുചാടാന്‍ വഴികളന്വേഷിച്ചു തുടങ്ങിയത്. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കാലം, കോണ്‍ഗ്രസില്‍ ഇനിയൊന്നും ലഭിക്കില്ലെന്നു കണ്ടതോടെ പാര്‍ട്ടി കോണ്‍ഗ്രസ് വഴി സി പി ഐ എമ്മിലേക്കുള്ള വഴിയായി തോമസ് മാഷിന്.
പകരം കിട്ടിയതോ ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ഒരു പോസ്റ്റ്. കേരളത്തിന്റെ ഡല്‍ഹിയിലെ അംബാസിഡര്‍. സര്‍ക്കാര്‍ കാറ്, ഓഫീസ് സ്റ്റാഫ്… എന്തെല്ലാം സൗകര്യങ്ങള്‍… ആരും കൊതിച്ചുപോകും.
കോണ്‍ഗ്രസിനോട് വിടപറഞ്ഞപ്പോള്‍ ചെറിയാന് ഫിലിപ്പിന് ലഭിച്ചത് കൈരളിയില്‍ പ്രതികരണ ജോലിയായിരുന്നു. പിന്നീട് കെ ടി ഡി സി ചെയര്‍മാനുമായി. ഒരു എം പി സ്ഥാനം ആഗ്രഹിച്ചെങ്കിലും തോല്‍വി പതിവായ ചെറിയാന് ഫിലിപ്പിനെ പരിഗണിച്ചതേയില്ല. അതോടെ ടിയാന് തിരികെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയെന്നത് മറ്റൊരു ചരിത്രം.
കോണ്‍ഗ്രസില്‍ നിന്നും സി പി ഐ എമ്മില്‍ അഭയം തേടിയ മറ്റൊരാള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ ചുമതല കിട്ടിയതും കോണ്‍ഗ്രസിലെ ചിലരെ മോഹം കൊണ്ട് മൂടി. ഇപ്പോഴിതാ ഇന്നലെ വരെ ബി ജെ പിയുടെ വക്താവായിരുന്ന സന്ദീപ് വാര്യര്‍ക്ക് വേണ്ടി വലവീശിയിരിക്കുകയാണ് സി പി ഐ എം. എ കെ ബാലനാണ് വലക്കാരന്. ഡോ. സരിനെ വലവീശിപ്പിടിച്ചത് ഈ വിദഗ്ധനായ വലക്കാരനാണത്രേ.
ദേവസ്വം ബോര്‍ഡ് തുടങ്ങി സഖാക്കള്‍ക്ക് നേരിട്ട് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ള ചില പോസ്റ്റുകള്‍ സന്ദീപ് വാര്യര്‍ക്ക് വേണ്ടി സി പി ഐ എം കണ്ടെത്തും. അസ്വസ്ഥരായ നിരവധി സന്ദീപുമാര്‍ പാലക്കാട്ടുണ്ടെന്നാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍.
സന്ദീപിനെ സി പി ഐ എമ്മില്‍ എത്തിച്ചാല്‍ പിന്നാലെ ഇവരൊക്കെ പാര്‍ട്ടിയില്‍ എത്തുമെന്നാണ് സി പി ഐ എം നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാല്‍ പാര്‍ട്ടി വിട്ടുപോകുന്നവരുടെ വല്ല കണക്കും സി പി ഐ എമ്മിനുണ്ടോ ആവോ…?
പാര്‍ട്ടിയിലേക്ക് നേരിട്ട് റിക്രൂട്ട്മെന്റ് നടത്താനുള്ള റിക്രൂട്ടിംഗ് ഓഫീസറുടെ റോളിലാണ് എ കെ ബാലന്. മന്ത്രിപ്പണിയും എം എല്‍ എ പണിയും ഒക്കെ പോയതിന് ശേഷം പ്രത്യേകിച്ചൊരു ജോലിയുമില്ലാതായ ബാലേട്ടന് ബെസ്റ്റ് സമയമാണിപ്പോള്‍.
പക്ഷേ, സ്വന്തം പാര്‍ട്ടിയിലെ നിരവധി അസ്വസ്ഥര്‍ പാര്‍ട്ടിയോട് വിടപറഞ്ഞുകൊണ്ടിരിക്കയാണെന്ന ആ നഗ്നസത്യം സി പി ഐ എം നേതാക്കള്‍ അറിയുന്നേയില്ല.
സന്ദീപിനെ മാത്രമാക്കേണ്ട, അസ്വസ്ഥയായിരിക്കുന്ന ശോഭാ സുരേന്ദ്രനേയും സി കെ പി പത്മനാഭനേയും അടക്കം നിരവധി ബി ജെ പി നേതാക്കളെ നേരില്‍ കണ്ട് പാര്‍ട്ടിയിലേക്ക് വരാനായി അഭ്യര്‍ത്ഥിക്കണം ബാലേട്ടാ…
വിപ്ലവമൊന്നും ഈ പാര്‍ട്ടിയുടെ ലക്ഷ്യമല്ലാത്തിടത്തോളം കാലം ആരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാം. വരുന്നതിലും എത്രയോ ഇരട്ടിയാണ് പാര്‍ട്ടി വിടുന്നവരുടെ എണ്ണം. കാലിനടിയിലെ മണ്ണുകള്‍ ഒലിച്ചുപോവുന്നത് മാത്രം ഇവിടെ ഒരു മൂത്ത സഖാവും അറിയുന്നില്ലല്ലോ എന്റെ കാറല്‍ മാര്ക്സ്സ്മുത്തപ്പാ…