അനീഷ എം എ-സബ് എഡിറ്റർ
സി.പി.ഐ.എമ്മിലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിയ്ക്കു മുഖ്യ കാരണം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തര്‍ക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. സി.പി.ഐ.എമ്മില്‍ വിഭാഗീയതയല്ല പ്രാദേശിക പ്രശ്നം മാത്രമാണെന്ന് എം.വി.ഗോവിന്ദന് പറയുന്നത് പാര്‍ട്ടിയിലെ ഗുരുതരമായ ജീര്‍ണ്ണത മറച്ചുവെയ്ക്കാനാണ്. താഴേതട്ടിലെ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തേണ്ട ദുരവസ്ഥ സി.പി.ഐ.എമ്മിൽ ആദ്യമാണ്.
സി.പി.ഐ.എം. ഏരിയ സെക്രട്ടറിമാരില്‍ അധികവും ഏട്ടു വര്‍ഷത്തിനുള്ളില്‍ അഴിമതി കാട്ടിയും വ്യാപകമായ പണപ്പിരിവ് നടത്തിയും കോടീശ്വരന്മാരായി തീര്‍ന്നവരാണ്. പലരും വിവിധ തരം മാഫിയകളുടെ ഏജന്റുമാരാണ്. ഇവര്‍ക്കും അഴിമതിക്കാരായ ജില്ലാ നേതാക്കള്‍ക്കും എതിരെ ഏരിയ സമ്മേളനങ്ങളില്‍ പ്രതിഷേധം അണപൊട്ടിയൊഴുകയാണെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ഏരിയ കമ്മറ്റികളില്‍ കൂട്ടുകച്ചവടം നടത്തുന്നവരെ നിലനിര്‍ത്താനും സ്വന്തം പിണയാളികളെ കുടിയിരുത്താനുമാണ് ജില്ലാ നേതൃത്വം പലയിടത്തും ശ്രമിക്കുന്നത്. രണ്ടു തവണ ഏരിയ സെക്രട്ടറിമാരായവര്‍ ഒഴിഞ്ഞു കൊടുക്കാതെ കുത്തക സൃഷ്ടിക്കുന്നതിനെ പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു. ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ചുമതലയുള്ള നേതാക്കള്‍ ഒരിടത്തും തയ്യാറാകുന്നില്ല. പുതിയ ഏരിയ കമ്മറ്റികളെ സമവായം കൂടാതെ മേല്‍ ഘടകം ഏകാധിപത്യപരമായി അടിച്ചേല്‍പ്പിക്കുന്ന പ്രവണതക്കെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവന്നതോടെ സി.പി.ഐ.എം ലെ അധികാര മത്സരം തെരുവിലായിരിക്കുകയാണെന്നും ചെറിയാന് ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.