ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾക്ക് ശേഷം സിപിഎം അതിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. താഴെത്തട്ടിലെ സമ്മേളനങ്ങൾ പോലും വലിയ വിസ്ഫോടനങ്ങൾ ആയിരുന്നു സിപിഎമ്മിൽ സൃഷ്ടിച്ചത്. പലയിടങ്ങളിലും നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഉണ്ടായി. ഏരിയാ സമ്മേളനങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന നേതൃത്വത്തിനെതിരെയും സർക്കാരിനെതിരെയും ഗുരുതര വിമർശനങ്ങളാണ് ഉയർന്നത്. തുടർച്ചയായി ഭരണത്തിൽ തുടരുന്നതിന്റെ പ്രശ്നങ്ങൾ സിപിഎമ്മിനെ ആഴത്തിൽ ബാധിക്കുന്നുണ്ട്. സർക്കാരിന്റെ ചെയ്തികളിലും നേതൃത്വത്തിന്റെ നിലപാടുകളിലും മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ വിരുദ്ധ അഭിപ്രായമാണുള്ളത്. എന്നാൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെ എതിർക്കുവാനുള്ള ശേഷി വിമർശകർക്ക് ഇല്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് വി ടി ബൽറാം മുൻ നിയമസഭാ സ്പീക്കർ കൂടിയായിരുന്ന സിപിഎം നേതാവ് പി ശ്രീരാമകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചിരുന്നു. സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശങ്ങൾ ഒന്നുമില്ലെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും പൊതുവേ ആ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത് മറ്റൊരു തരത്തിലാണ്. നേതൃത്വത്തോട് ശ്രീരാമകൃഷ്ണന് വിയോജിപ്പുകൾ ഉണ്ടെന്നും ആ വിയോജിപ്പുകൾ പ്രയോജനപ്പെടുത്തി കോൺഗ്രസിലേക്ക് ക്ഷണിക്കുന്നതിനാണ് ബൽറാം വസതിയിൽ സന്ദർശിച്ചതാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ജി സുധാകരനും അധികം വൈകാതെ തന്നെ സിപിഎം വിടുമെന്ന ഘട്ടത്തിലാണ്. നിലവിൽ തന്നെ പാർട്ടിയുടെ പല പരിപാടികളിലും അദ്ദേഹത്തെ മാറ്റിനിർത്തുന്ന സാഹചര്യമാണുള്ളത്. തന്റെ വീടിന് തൊട്ടടുത്ത് നടന്ന ഏരിയാ സമ്മേളനത്തിൽ പോലും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സുധാകരനെ സിപിഎം നേതൃത്വം അവഗണിക്കുമ്പോഴും കോൺഗ്രസും ബിജെപിയും സകല തന്ത്രങ്ങളും സ്വീകരിച്ച് ഏതു വിധേനയും ഒപ്പം നിർത്തുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനിടെ സുധാകരനെ വീട്ടിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സന്ദര്‍ശിച്ചതും ചര്‍ച്ചയായി. സൗഹൃദസന്ദര്‍ശനമാണെന്നാണ് വേണുഗോപാലിന്റെ പ്രതികരണം. സ്വാഭാവിക സന്ദര്‍ശനമെന്ന് ജി. സുധാകരനും പറയുന്നു. തനിക്ക് എന്തിനാണ് അസംതൃപ്തിയെന്നായിരുന്നു സുധാകരന് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി സുധാകരനെന്നും ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന് സമ്മാനിച്ചുവെന്നും സന്ദർശനത്തിനുശേഷം ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തിൽ ആണെന്ന ബിജെപി വാദം അദ്ദേഹം അംഗീകരിക്കുന്നുണ്ടെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്ന സുധാകരന്റെ നിലപാടുകളെ കുറിച്ച് പലവിധ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ജില്ലയില്‍ പാര്‍ട്ടി കൈപ്പിടിയിലാക്കിയ ഒരു വിഭാഗം സുധാകരനെ ബോധപൂര്‍വം അവഗണിച്ച് അവഹേളിക്കുന്നതില്‍ അണികളിലും പ്രതിഷേധം ശക്തമാണ്. അടുത്തകാലത്തായി സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രായനിബന്ധന ചൂണ്ടിക്കാട്ടി സുധാകരനെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയെന്ന് മാത്രമല്ല, പലപ്പോഴും അദ്ദേഹത്തെ അവഹേളിക്കുന്ന പ്രസ്താവനകള്‍ ജില്ലയിലെ ഒരു വിഭാഗം നടത്തിയിട്ടും, തിരുത്താന്‍ പോലും സംസ്ഥാന നേതൃത്വം ഇടപെടാന്‍ തയാറാകുന്നില്ല. നിലവില്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രമാണ് സുധാകരന്. സിപിഎം നേതൃത്വവുമായി എല്ലാതരത്തിലും ഇടഞ്ഞ് മറ്റൊരു നിലപാടിലേക്ക് മനസ്സുകൊണ്ടെങ്കിലും തീരുമാനമെടുത്ത ആളാണ് ഇ പി ജയരാജൻ. ഏറെക്കുറെ അദ്ദേഹം ബിജെപി നേതൃവുമായി ചർച്ചകൾ പോലും പൂർത്തിയാക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പൂർണമായും മാറിനിൽക്കാനാണ് ഇ.പി ജയരാജന്റെ തീരുമാനമെന്നാണ് വിവരം. മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം വന്നശേഷം തിരുവനന്തപുരത്തുനിന്ന് മടങ്ങിയ ഇ.പി ജയരാജൻ സെക്രട്ടേറിയറ്റ് അംഗമെന്ന നിലക്ക് താമസത്തിന് പാർട്ടി അനുവദിച്ച പാർട്ടി ഫ്ലാറ്റിന്റെ താക്കോൽ തിരിച്ചേൽപിച്ച് തന്റെ സാധനങ്ങളെല്ലാം എടുത്താണ് കണ്ണൂരിലേക്ക് തിരിച്ചത്. പാർട്ടി ആസ്ഥാനത്തേക്ക് ഇനിയൊരു മടക്കമില്ലെന്നുറപ്പിച്ച യാത്രയായിരുന്നു അത്. പലവട്ടം പാർട്ടിയുമായി പിണങ്ങി വീട്ടിൽപോയ ഇ.പിയെ അനുനയിപ്പിച്ചിരുന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. പിണറായി വിജയനും കൈവിട്ട അദ്ദേഹത്തെ പാർട്ടി നടപടിക്ക് ശേഷം പാർട്ടിയിൽനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നത് അനുനയത്തിനുള്ള സാധ്യതയില്ലെന്നാണ് കാണിക്കുന്നത്. സജീവ രാഷ്ട്രീയം വിടുമോയെന്ന ചോദ്യത്തിന് സമയമാകുമ്പോൾ പറയാമെന്നാണ് മറുപടി. ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്നതിന്റെ പേരിലാണ് ഇ.പി. ജയരാജൻ പാർട്ടിക്ക് കണ്ണിലെ കരടായത്. അതുകൊണ്ടുതന്നെ, ജയരാജന്റെ അടുത്ത നീക്കം എന്തെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. അപ്പോഴും ഇ പി ബിജെപിയോട് ചേർന്നാലുമുള്ള ഭാവിയെ പറ്റി ചിന്തിക്കുന്നുമുണ്ടാകും. ശ്രീരാമകൃഷ്ണനും ജി സുധാകരനും ഇ പി ജയരാജനുമെല്ലാം അപ്പുറത്തേക്ക് ഇനിയും ഏറെ നേതാക്കൾ പാർട്ടിയിൽ അസ്വസ്ഥരാണ്. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ പേരുടെ പേര് വിവരങ്ങൾ പുറത്തേക്ക് വരും. സംസ്ഥാന സമ്മേളനം കൂടി കഴിയുമ്പോൾ പാർട്ടി വിട്ടു പുറത്തേക്ക് വരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനാണ് സാധ്യത. അപ്പോഴും ചിലരൊക്കെ പിണറായി വിജയനെയും നേതൃത്വത്തെയും ഭയന്ന് അതിനുള്ളിൽ തന്നെ നിൽക്കുവാനുള്ള സാധ്യതയുമുണ്ട്.