പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ സിപിഐഎം നടത്തിയ പത്രപ്പരസ്യത്തില്‍ വിവാദം കത്തുന്നു. ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി.
ന്യൂനപക്ഷ പ്രീണനത്തിനാണ് സിപിഐഎം ശ്രമം. പരസ്യം ഉണ്ടാക്കിയത് മുസ്ലിം സംഘടനകള്‍ക്ക് വേണ്ടി മാത്രമാണ്. സിപിഐഎമ്മിന്റെ നീക്കം ബിജെപിയെ ജയിപ്പിക്കാനാണ്. ബിജെപി-സിപിഐഎം ബാന്ധവമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. സംഘപരിവാര്‍ നാണം കെട്ടുപോകുന്ന നടപടികളാണിതെന്നും സതീശന് ആഞ്ഞടിച്ചു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും സതീശന് പറഞ്ഞു.
പരസ്യം കൊടുത്തിരിക്കുന്നത് സിപിഐഎം ആണെങ്കിലും അതിന് പണം നല്‍കിയിരിക്കുന്നത് ബിജെപിയാണെന്ന് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. വര്‍ഗീയ വിഭജനമാണ് ലക്ഷ്യമെന്നും സന്ദീപ് പറഞ്ഞു.
സന്ദീപ് വാര്യര്‍ ബിജെപിയിലായിരുന്നപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിപിഐഎം പത്രപ്പരസ്യം നല്‍കിയത്. പാലക്കാട് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് സിറാജ്, സുപ്രഭാതം പത്രങ്ങളിലാണ് പരസ്യം നല്‍കിയത്.