മധുര: 24ാം സിപിഎം പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കൂടിയായ എം എ ബേബിയെ തിരഞ്ഞെടുക്കുമെന്ന് സൂചന. പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളം മുന്നോട്ട് വെച്ചത് എം എ ബേബിയുടെ പേരാണ് . എന്നാൽ, കിസാൻ സഭാ നേതാവ് അശോക് ധാവ്ളയും പശ്ചിമ ബംഗാൾ ഘടകവും ഇതിനെ എതിർക്കുന്നുവെന്നാണ് സൂചന.
ഭൂരിപക്ഷ പിന്തുണ ബേബിക്കാണ്. പിബി നിർദേശമായി കേന്ദ്ര കമ്മിറ്റിയിൽ വെക്കുക ബേബിയുടെ പേരാണ്. അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ കോർഡിനേറ്റർ പ്രകാശ് കാരാട്ട് എം എ ബേബിയുടെ പേരാണ് നിർദ്ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്നായിരുന്നു വിശദീകരണം.