കേരളം വിട്ടു കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൊടി കാണണമെങ്കിൽ റെയിൽവേ സ്റ്റേഷനിൽ പോകണമെന്ന പ്രസംഗം നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്നത്തെ സിപിഎമ്മിന്റെയും മറ്റ് കമ്മ്യുണിസ്റ്റ് പാർട്ടികളുടെയും അവസ്ഥ ഏറെക്കുറെ അതിലും പരിതാപകരമാണ്. കേരളത്തിൽ മാത്രമാണ് രാജ്യത്ത് സിപിഎമ്മിന് ഇന്ന് ഭരണമുള്ളത്. ഭരണം ഇല്ലെന്നത് മാത്രമല്ല, സിപിഎമ്മിന്റെ സാന്നിധ്യം പോലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇല്ലെന്നതാണ് വാസ്തവം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും ഇടതു വിദ്യാർഥി സംഘടനകളും സജീവമാണെങ്കിലും ഡൽഹി പൊതു തെരഞ്ഞെടുപ്പിൽ സിപിഎം വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. സിപിഐഎമ്മിന് നോട്ടയെക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് തലസ്ഥാനത്ത് ലഭിച്ചത്. ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പാർട്ടികളായ ബിഎസ്പിയേയും സിപിഎമ്മിനെയും പിന്തള്ളിയാണ് നോട്ട 0.57 ശതമാനം വോട്ട് നേടിയത്.
ഇവരെ കൂടാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡും യഥാക്രമം 0.01 ശതമാനവും 0.53 ശതമാനവും വോട്ട് വിഹിതം നേടിയിരുന്നു. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ 4 സംസ്ഥാനങ്ങളിൽ സിപിഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. പക്ഷെ ബംഗാളിൽ 2026ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ സികാറിലെ ജയത്തോടെ സിപിഎമ്മിന് രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിച്ചിരുന്നു. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് രണ്ട് സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്. മറ്റു സംസ്ഥാനങ്ങളിലാകട്ടെ ദേശീയ പദവി നിലനിർത്തിയത് ഇന്ത്യ സഖ്യമായി മത്സരിച്ചതുകൊണ്ട് മാത്രവുമാണ്. അല്ലെങ്കിൽ നിലം തൊടുകയില്ലായിരുന്നു. അതായത് ശരിക്കും പറഞ്ഞു വന്നാൽ കേരളത്തിൽ രാഷ്ട്രീയമായി സിപിഎം ഏറ്റവുമധികം പ്രതിരോധിക്കുന്ന കോൺഗ്രസിന്റെ ഔദാര്യം കൊണ്ട് മാത്രമാണ് ഇന്ന് ദേശീയ പദവി നിലനിർത്തുന്നത്. രാജസ്ഥാനിലും തമിഴ്നാട്ടിലും എല്ലാം രാഹുൽഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും ഒക്കെ ചിത്രം വെച്ചാണ് സിപിഎം വോട്ട് നേടിയത് വിജയിച്ചതും.
മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും സിപിഎം സിപിഐ സ്ഥാനാർത്ഥികൾക്ക് വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എല്ലാം പ്രചാരണത്തിനും എത്തിയിട്ടുണ്ട്. ഒരുകാലത്ത് ത്രിപുരയും ബംഗാളും അടക്കി വാണിരുന്നത് സിപിഎം ആയിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു മമത ബാനർജി തൃണമൂൽ കോൺഗ്രസ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചത്. 184 സീറ്റുകൾ നേടി തൃണമൂൽ ഭരണം പിടിച്ചു. സിപിഎം മുന്നണി അന്ന് കേവലം 40 സീറ്റുകളിലേക്ക് ഒതുങ്ങി. സിപിഎമ്മിന്റെ നയവ്യതിയാനങ്ങളിൽ ഉണ്ടായ എതിർപ്പായിരുന്നു ബംഗാളിൽ പാർട്ടിയുടെ അടിത്തറ പോലും ഇല്ലാതാക്കിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 2007 മാർച്ച് 14ന് 14 പേർ നന്ദീഗ്രാമിൽ കൊല്ലപ്പെട്ടു. ഇതോടെ സിപിഎമ്മിനോട് കർഷകർക്കുണ്ടായിരുന്ന കൂറ് നഷ്ടപ്പെട്ടു. ജനം പാർടിയെ ഉപേക്ഷിച്ചു. ഉപേക്ഷിച്ചവർക്ക് തൃണമൂൽ അഭയവും സുരക്ഷയുമായി. ബംഗാൾ കലാപ ഭൂമിയായി. ഇതേസമയം ഹൂഗ്ലി ജില്ലയിലെ സിങ്കൂരിൽ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. നാനോ കാർ നിർമ്മിക്കാൻ ടാറ്റാ ഗ്രൂപ്പിനായി സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരേയും കലാപം പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ പദ്ധതിയിൽ നിന്നും ടാറ്റാ ഗ്രൂപ്പ് പിൻവാങ്ങി. ഇതും സിപിഎമ്മിന്റെ പതനത്തിന്റെ ആക്കം കൂട്ടി. ഈ വർഷം ത്രിപുരയിൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് തന്നെയായിരുന്നു വൻവിജയം. 97 ശതമാനം സീറ്റുകളും ബിജെപി സ്വന്തമാക്കി. 606 ഗ്രാമപഞ്ചായത്തുകളിൽ 584-ഉം 35 പഞ്ചായത്ത് സമിതികളിൽ 34-ഉം എട്ടിൽ എട്ട് ജില്ലാ പരിഷത്തുകളും ബിജെപി നേടുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ട് സീറ്റുകളിലും വൻഭൂരിപക്ഷത്തോടെ ബിജെപി നേടിയിരുന്നു. ത്രിപുരയിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചായിരുന്നു മത്സരം. ത്രിപുരയിൽ പ്രതാപികളായി വാണിരുന്ന സിപിഎമ്മിന് ഭരണം പോയതിന് പിന്നാലെ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായിരുന്നു. പശ്ചിമബംഗാളിന് സമാനമായ പ്രതിസന്ധിയാണ് സിപിഎം ത്രിപുരയിലും നേരിടുന്നത്.
മൂന്ന് പതിറ്റാണ്ടോളം തുടർച്ചയായി ബംഗാൾ ഭരിച്ച സിപിഎം ആദ്യം പ്രതിപക്ഷത്തേക്കും പിന്നീട് ചിത്രത്തിൽ നിന്ന് തന്നെ തഴയപ്പെടുന്ന സ്ഥിതിയിലേക്കും എത്തിയിരുന്നു. 2018-ൽ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളിൽ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്. 16 സീറ്റകൾ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകൾ നേടാനായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ 2023ലെ തെരഞ്ഞെടുപ്പിൽ സിപിഎം തകർന്ന് തരിപ്പണമാകുകയായിരുന്നു. 11 സീറ്റുകളിലൊതുങ്ങിയ സിപിഎമ്മിന് 24.6 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 32 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് 39 ശതമാനത്തോളം വോട്ടുകൾ നേടിയിട്ടുണ്ട്. സിപിഎമ്മുമായി സഖ്യത്തിൽ മത്സരിച്ച് മൂന്ന് സീറ്റുകളിൽ ജയിച്ച കോൺഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടിയത്. 13 സീറ്റുകളോടെ മുഖ്യപ്രതിപക്ഷമായി മാറിയ ത്രിപമോത പാർട്ടിക്ക് 22 ശതമാനത്തോളം വോട്ടുകൾ പിടിക്കാനായി. ഇടത്-കോൺഗ്രസ് സഖ്യം പുറത്ത് കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ കൂട്ടുക്കെട്ടിൽ ഉൾപ്പോര് രൂക്ഷമായിരുന്നു. ന്യൂനപക്ഷ മേഖലകളിൽ മാത്രമാണ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചത്. സിപിഎമ്മിന് ഇനിയുള്ള ഏക പച്ചത്തുരുത്ത് കേരളം മാത്രമാണ്. ബംഗാളിലെയും ത്രിപുരയിലെ യും പോലെ പാർട്ടി സഞ്ചരിച്ചാൽ ഇവിടെയും തകർന്നു തരിപ്പണമാകും.