സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുകയാണ്. ദിനംപ്രതി നാം അറിയുന്നതും കേൾക്കുന്നതുമെല്ലാം ഞെട്ടുന്ന ഭയാനകമായ കുറ്റകൃത്യങ്ങളെ പറ്റിയാണ്. സമൂഹത്തിന്റെ എല്ലാ കോണുകളിലും മുൻപൊരിക്കലും കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ ക്രമസമാധാന നില തകർന്നു തരിപ്പണമായിരിക്കുന്നു. ക്രിമിനലുകൾ നിറഞ്ഞ നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു.
കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്നതിന്റെ ആനുപാതികമായി ജയിലുകള്‍ നിറഞ്ഞുകവിയുകയാണ്. പരമാവധി ശേഷിയെക്കാള്‍ 2699 തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളിൽ. രണ്ട് സെന്‍ട്രല്‍ ജയിലുകളില്‍ പരമാവധി എണ്ണത്തിന്റെ ഇരട്ടിയോളം തടവുകാരാണുള്ളത്. കണ്ണൂര്‍ വനിതാ ജയിലിലും തടവുകാരുടെ എണ്ണം നിലവിൽ കൂടുതലാണ്.
തെക്ക്, മധ്യ, വടക്കന്‍ മേഖലകളായാണ് സംസ്ഥാനത്തെ ജയിലുകളെ തിരിച്ചിട്ടുള്ളത്. മൂന്ന് മേഖലകളിലായി കേരളത്തില്‍ 57 ജയിലുകളാണ് ഉള്ളത്. 57 ജയിലുകളിലായി പരമാവധി പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണം 7823 ആണ്. തെക്കന്‍ മേഖലയില്‍ 2262, മധ്യ മേഖലയില്‍ 2482,വടക്കന്‍ മേഖലയില്‍ 3079 എന്നിങ്ങനെയാണ് പരമാവധി ശേഷി.
എന്നാല്‍ 2025 മാര്‍ച്ച് 27 ലെ കണക്ക് പ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 10,522 ആണ്. 2262 പേരെ പാര്‍പ്പിക്കാവുന്ന തെക്കന്‍ മേഖലയിലെ ജയിലുകളിലുള്ളത് 3573 പേര്. 2482 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള മധ്യ മേഖലയില്‍ 3147 പേരാണ് തടവില്‍ കഴിയുന്നത്. 3079 തടവുകാരെ വഹിക്കാന്‍ ശേഷിയുള്ള വടക്കന്‍ മേഖലയിലെ ജയിലുകളിലുള്ളത് 3802 പേരാണ്.
സംസ്ഥാനത്തെ ജയിലുകളുടെ പരമാവധി ശേഷിയേക്കാള്‍ 2699 പേര് കൂടുതലായി ജയിലുകളിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെന്‍ട്രല്‍ ജയിലുകളിലും ഇതേ പ്രതിസന്ധിയുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പരമാവധി ശേഷി 727 ആണെന്നിരിക്കെ 1528 തടവുകാരാണ് ഇവിടെയുള്ളത്. ഇത് പരമാവധി ശേഷിയെക്കാള്‍ ഇരട്ടിയിലേറെയാണ്. വിയ്യൂരിലും സ്ഥിതി സമാനമാണ്.
പരമാവധി ശേഷി 553 ആണെങ്കില്‍ തടവുകാരുടെ എണ്ണം 1107. ഏകദേശം ഇരട്ടിയോളം തന്നെ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 948 പേരെ മാത്രം പാര്‍പ്പിക്കാമെന്നിരിക്കെ നിലവിലുള്ളത് 1095 പേര്. എന്നാൽ, തുറന്ന ജയിലുകളില്‍ തടവുകാരുടെ എണ്ണം കുറവാണ്. 238 പേരെ പാര്‍പ്പിക്കാവുന്ന ചീമേനിയില്‍ 139 പേരും, 401 പേരെ പാര്‍പ്പിക്കാവുന്ന തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ 187 അന്തേവാസികളുമാണുള്ളത്.
തിരുവനന്തപുരത്തെ വനിതകളുടെ തുറന്ന ജയിലില്‍ പരമാവധി എണ്ണം 43 ആയിരിക്കെ 8 പേര് മാത്രമാണുള്ളത്. അധികം പ്രശ്നക്കാര്‍ അല്ലാത്ത തടവുകാരെയാണ് തുറന്ന ജയിലുകളിൽ പ്രവേശിപ്പിക്കുന്നത്. വിവിധ തൊഴിലുകളിൽ ഇടപെടലുകൾ നടത്തുവാനുള്ള അവസരവും ഇത്തരത്തിൽ തുറന്നു ജയിലുകളിൽ ഉണ്ട്. തൊഴില്‍ പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യം ലഭിക്കും എന്നതും തുറന്ന ജയിലുകളുടെ പ്രത്യേകതയാണ്.
നിലവില്‍ വനിതാ തടവുകാര്‍ക്ക് തയ്യല്‍, എംബ്രോയിഡറി തുടങ്ങിയവയില്‍ പരിശീലനം ലഭിക്കുന്നുണ്ട്. പച്ചക്കറി കൃഷി, പശു പരിപാലനം, കമ്പ്യൂട്ടര്‍ തുടങ്ങിവയിലും കൂടി പരിശീലനം ലഭിക്കും തുറന്ന ജയിലുകളിലൂടെ. സാധാരണ ജയിലുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ദിവസ വേതനം ലഭിക്കും തുറന്ന ജയിലില്‍ എന്നതാണ് തുറന്ന ജയിലുകളുടെ ഒരു പ്രത്യേകത. 53 രൂപയാണ് സാധാരണ ജയിലുകളില്‍ ദിവസ വേതനം. ഇതുതന്നെ വെയില് ഏല്‍ക്കാത്ത ജോലിയാണെങ്കില്‍ 35 രൂപയായി കുറയും. എന്നാല്‍ തുറന്ന ജയിലുകളില്‍ 117 രൂപയായിരിക്കും ദിവസ വേതനം. കണ്ണൂര്‍ ഒഴികെയുള്ള വനിതാ ജയിലുകളിലും നിലവില്‍ പ്രതിസന്ധിയില്ല.
കണ്ണൂര്‍ വനിതാ ജയിലില്‍ 37 പേരാണ് നിലവിലുള്ളത്. ഇവിടെ പരമാവധി എണ്ണം 30 ആണ്. തടവുകാരുടെ എണ്ണത്തിലെ വര്‍ധന വരും ദിവസങ്ങളില്‍ ജയിലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഉദ്യോഗസ്ഥരുടെ എണ്ണം, ഭക്ഷണമുള്‍പ്പെടെ തടവുകാര്‍ക്കുള്ള സേവനങ്ങള്‍, ജയില്‍ സുരക്ഷ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാകാനും സാധ്യതയുണ്ട്. തടവുകാരുടെ എണ്ണം കൂടുന്നതിനെയും നാട്ടിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനേയും സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ഗൗരവത്തിൽ കാണുന്നില്ലെന്ന് വേണം മനസ്സിലാക്കുവാൻ. അങ്ങനെ കാണുന്നുവെങ്കിൽ ആഭ്യന്തര വകുപ്പും സർക്കാരും ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തുമായിരുന്നു. ഇതിപ്പോൾ നമ്മുടെ ആഭ്യന്തരവകുപ്പ് സമ്പൂർണ്ണ പരാജയം തന്നെയെന്ന് പറയേണ്ടിവരും.