കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചയ്ക്കായി രൂപീകരിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (കുസാറ്റ്) നടക്കും. ജനുവരി 14ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ജനുവരി 14,15 തീയതികളിലാണ് കോണ്‍ക്ലേവ് നടക്കുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയര്‍ത്താനാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി ചേര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവാണ് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്.
വ്യവസായ-വിദ്യാഭ്യാസ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച, മികച്ച ഗവേഷണ, സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി തൊഴില്‍സാധ്യത മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പര്യവേക്ഷണം എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. രണ്ടായിരം പ്രതിനിധികള്‍ കോണ്‍ക്ലേവിന്റെ ഭാഗമായി പങ്കെടുക്കും.